ചെന്നൈ- കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത് വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും നടത്തി വരുന്ന പ്രക്ഷോഭം കനത്തതോടെ ഭീഷണിയിലായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവും ബഹിഷ്‌ക്കരാഹ്വാനവും ഉണ്ടായിരുന്നു. കാവേരി പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ ഇവിടെ ഐപിഎല്‍ മത്സരം അനുവദിക്കില്ലെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ചെന്നൈയില്‍ അതീവ സുരക്ഷയോടെ നടക്കുകയും ചെയ്തു. കളിക്കാര്‍ക്കു നേരെ ഷൂ ഏറുണ്ടായി. സ്റ്റേഡിയത്തിനു സമീപം റോഡ് ഉപരോധിച്ച പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രക്ഷോഭം ശക്തമായി മുന്നേറുന്നതിനിടെയാണ് മത്സരം ചെന്നൈയില്‍ നിന്നു മാറ്റാന്‍ തീരുമാനമായത്.
ഇതോടെ ചെന്നൈ സുപ്പര്‍ കിങ്‌സിന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. നേരത്തെ ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പ് വേദി മാറ്റം പരിഗണിച്ച ഘട്ടത്തില്‍ ബിസിസിഐയും ചെന്നൈ സുപ്പര്‍ കിങ്‌സ് മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അസോസിയേഷന്‍ അറിയിച്ചിരുന്നു.