ബെയ്ജിംഗ്- ചൈനയിലെ സഖാക്കളില്‍ കുലംകുത്തികളുണ്ടാവില്ല, ഷുവര്‍. പാര്‍ട്ടിക്കാര്‍ വഴി തെറ്റിയാല്‍ പിടിക്കാന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു പാര്‍ട്ടി അംഗങ്ങളുടെ ചിന്താശേഷി അളക്കുന്നതിനും, ഉള്ളടക്കം പാര്‍ട്ടി അംഗങ്ങളുടെ മനസിലേക്ക് കയറുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിക്കാം .കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 'ആശയങ്ങളിലും രാഷ്ട്രീയ പഠനത്തിലും' ശ്രദ്ധാലുവാണോ എന്ന് അറിയാന്‍ മുഖഭാവങ്ങളും മസ്തിഷ്‌ക തരംഗങ്ങളും ആഴത്തില്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചതായി ചൈനയിലെ ഗവേഷകര്‍ അവകാശപ്പെട്ടു.
രാജ്യത്ത് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യ ഘടകമാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.പാര്‍ട്ടിയോട് നന്ദിയുള്ളവരായിരിക്കാനും പാര്‍ട്ടിയെ ശ്രദ്ധിക്കാനും പാര്‍ട്ടിയെ പിന്തുടരാനുമുള്ള അവരുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഹൈടെക് വികസനം ഉപയോഗിക്കണമെന്ന് ചൈനയിലെ ഹെഫീ കോംപ്രിഹെന്‍സീവ് നാഷണല്‍ സയന്‍സ് സെന്റര്‍ പറയുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ ഏകാധിപത്യമാണ് ചൈന നടപ്പിലാക്കുന്നത്. ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ്, ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പാര്‍ട്ടി അംഗങ്ങളുടെ മനസ് നിരീക്ഷിക്കാന്‍ ചൈന ഒരുങ്ങുന്നത്.
സാങ്കേതിക വിദ്യയ്ക്ക് ഗവേഷകന്റെ ഭാവങ്ങള്‍ ശ്രദ്ധിക്കാനും പ്രത്യേക ഉള്ളടക്കങ്ങളോടുള്ള അവരുടെ പ്രതികരണം സൂചിപ്പിക്കാനും കഴിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെട്ടു. പുതിയ സോഫ്റ്റ്‌വെയര്‍ നിരീക്ഷിച്ച് പാര്‍ട്ടി പാഠങ്ങള്‍ പഠിക്കാന്‍ ഗവേഷണ സംഘത്തിലെ 43 പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിഞ്ഞതായി ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. പാര്‍ട്ടി അംഗങ്ങള്‍ ആശയത്തെയും രാഷ്ട്രീയ വിദ്യാഭ്യാസത്തെയും എത്ര നന്നായി അംഗീകരിച്ചുവെന്ന് ഇതിലൂടെ വിലയിരുത്താനാകും. മാത്രമല്ല ചിന്തയ്ക്കും രാഷ്ട്രീയ വിദ്യാഭ്യാസത്തിനും യഥാര്‍ത്ഥ ഡാറ്റ നല്‍കാനും കഴിയും.