ഹാഫ് ഷവായും മൂന്ന് കുബ്ബൂസും  വേണം, പോലീസുകാര്‍ക്ക് കൂട്ടച്ചിരി 

കോഴിക്കോട്- ഒരു ഫോണ്‍ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പോലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കില്‍ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തതാണ് പോലീസ് സേനയിലെ ചിരിസംഭവം. രണ്ടു ദിവസം മുമ്പ് എ.ആര്‍ ക്യാമ്പിലെ ചില പോലീസുകാരെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണര്‍ എ.എം. സിദ്ദീഖിനെ വിളിച്ച് തങ്ങള്‍ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലില്‍ ഡയല്‍ ചെയ്തപ്പോള്‍ അസി. കമീഷണര്‍ക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഹോട്ടലുകാരനെന്ന ധാരണയില്‍ എ.എസ്.ഐ അസി. കമീഷണറോട് പോലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ് ഷവായും മൂന്ന് കുബ്ബൂസും വേണമെന്ന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഇതോടെ ഏത് സ്‌റ്റേഷനിലാണ് ഉള്ളതെന്ന് അസി. കമീഷണര്‍ ചോദിച്ചു. കണ്‍ട്രോള്‍ റൂമിലാണ്, ഭക്ഷണം ഒന്ന് വേഗം എടുത്തുവെക്കണേ എന്നുകൂടി പറഞ്ഞു. ഒരു രക്ഷയുമില്ല. ഞാന്‍ ഫറോക്ക് എ.സി.പിയാണെന്ന് മറുപടി വന്നു. ഇതോടെ ഞെട്ടിയ എ.എസ്.ഐ സോറിയും നമസ്‌കാരവുമെല്ലാം ഒന്നിച്ചുപറഞ്ഞു. നോ പ്രോബ്ലം, കോമഡിയായി കണ്ടാമതി, ഒരബദ്ധം ഏത് പോലീസുകാരനും പറ്റുമെന്ന് എ.സി പറഞ്ഞതോടെയാണ് എ.എസ്.ഐക്ക് ആശ്വാസമായത്. പിന്നീട് എ.എസ്.ഐ, തനിക്കുപറ്റിയ അബദ്ധവും എ.സിയുടെ മറുപടിയും പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുവരുടെയും സംഭാഷണമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
 

Latest News