ബിജെപി എംഎല്‍എ പീഡിപ്പിച്ച പെണ്‍കുട്ടിയെ ജില്ലാ മജിസ്‌ട്രേറ്റ് ഹോട്ടല്‍ മുറിയിലടച്ചു

ഉന്നാവോ- ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയേയും കുടുംബത്തേയും ജില്ലാ ഭരണകൂടം ഹോട്ടല്‍ മുറിയിലടച്ചിട്ടെന്ന് പരാതി. പരാതിയുമായി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധിച്ച അച്ഛന്‍ പോലീസ് കസ്റ്റഡയില്‍ മരിച്ച ദിവസം തന്നെയും കുടുംബത്തേയും ജില്ലാ മജിസ്‌ട്രേറ്റ് ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടെന്ന് പെണ്‍കുട്ടി തന്നെയാണ് ആരോപിച്ചത്്. ബിജെപി എംഎല്‍എയുടെ സഹോദരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ നേരത്തെ മര്‍ദ്ദിച്ചിരുന്നു.  

'എനിക്കു നീതി വേണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടാനുള്ളത്. ജില്ലാ മജിസ്‌ട്രേറ്റ് എന്നെ ഹോട്ടല്‍ മുറിയില്‍ അടച്ചിടുകയാണ് ചെയ്തത്. അവര്‍ വെള്ളം പോലും നല്‍കിയില്ല. കുറ്റക്കാരെ ശിക്ഷിക്കണമെന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്,' പെണ്‍കുട്ടി പറഞ്ഞതായി വാര്‍ത്താ ഏജന്‍സ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബംഗര്‍മാവോ ബിജെപി എംഎല്‍എ കുല്‍ദീപ് സിങും അനുയായികളും കഴിഞ്ഞ വര്‍ഷം തന്നെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നും ഇതു പോലീസില്‍ പരാതിപ്പെട്ടിട്ടും അന്വേഷണം നടത്തുന്നില്ലെന്നുമാണ് പെണ്‍കു്ട്ടിയുടെ പരാതി. തന്റെ പരാതി സ്വീകരിച്ച പോലീസ് കേസില്‍ പ്രതിയായ എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്താന്‍ തയാറാകുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. 

പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 
ഞായറാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ച എംഎല്‍എയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. അന്വേഷണ സംഘം ഇന്ന് അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഇന്നു തന്നെ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം തലവന്‍ എഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു.
 

Latest News