വയനാട്- ചുമട്ടുതൊഴിലാളികളുടെ സമരം അന്യായമാണെന്നും ഇത് തുടരുകയാണെങ്കിൽ സ്ഥാപനം പൂട്ടുമെന്നും കൽപ്പറ്റയിലെ നെസ്റ്റ് ഹൈപ്പർ മാർക്കറ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
കൽപറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിൽ രണ്ടാഴ്ചക്കാലമായി ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങൾ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു.
ജി.സി.സി രാജ്യങ്ങളിലായി നൂറിൽ പരം ഔട്ട്ലെറ്റുകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുപ്പത്തി അയ്യായിരത്തിലധികം ആളുകൾക്ക് ജോലി നൽകി വരുന്നു. അതിൽ ഇരുപത്തി അയ്യായിരത്തോളം മലയാളികളാണ്.
കേരളത്തിൽ ഇരുപത്തിയഞ്ചോളം ഔട്ട്ലെറ്റുകൾ 2025 പൂർത്തിയാവുന്നതോടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയും അതിൽ നിലവിൽ പതിനഞ്ചോളം ഔട്ട്ലെറ്റുകളുടെ വർക്കുകൾ പല ജില്ലകളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ 10,000 അധികം ആളുകൾക്ക് ജോലി നൽകാൻ നെസ്റ്റോ ഗ്രൂപ്പിന് സാധിക്കും.
ഇപ്പോൾ കൽപറ്റയിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഒന്നര മാസങ്ങൾക്ക് മുമ്പ് ഇന്റർവ്യൂ വെച്ചപ്പോൾ 2500 ലധികം ആളുകളാണ് ജോലിക്ക് അപേക്ഷിച്ചത്. അതിൽ നിന്നും 300 ലധികം ആളുകളെ നിയമിച്ചതിൽ 95% ആളുകൾ വയനാട്ടുകാരാണ്.
വയനാട്ടുകാർക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം മികച്ച ഉൽപന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ ഒരുക്കുവാൻ നെസ്റ്റോ ഗ്രൂപ്പിന് സാധിച്ചു. ഇന്ന് ഒരു മാസം ഇപ്പുറം, നെസ്റ്റോ കൽപറ്റയിലെ സ്ഥാപനത്തിന് മുമ്പിൽ ചില ട്രേഡ് യൂണിയനുകളുടെ സമര പന്തലുകൾ ഉയർന്നു വന്നിരിക്കുകയാണ്. വ്യവസായ സൗഹൃദപരമായ അന്തരീക്ഷം എന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിൽ ഇതുപോലെ ഉള്ള ട്രേഡ് യൂണിയനുകൾ തീർത്തും ലജ്ജാവഹമായ പ്രസ്താവനകൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചു കൊണ്ടിരിക്കുന്നത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേക്ക് ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇപ്പോൾ ഈ സമര പന്തൽ ഇവിടെ ഗേറ്റിന് മുൻവശം വഴി തടസ്സപ്പെടുത്തി വന്നിരിക്കുന്നത്. അവർക്ക് മാത്രമാണ് ചരക്കു കയറ്റിറക്ക് അധികാരം എന്നാണ് അവർ ഉന്നയിക്കുന്ന വാദം.
എന്നാൽ ഞങ്ങളുടെ നിയമ പരിധിയിൽ (കോമ്പൗണ്ട് പരിധിക്കുള്ളിൽ) ചരക്കുമായി വരുന്ന വാഹനങ്ങൾക്ക് കയറ്റിറക്ക് തീർത്തും നിയമപരമായി തന്നെ ഹൈകോടതി ഉത്തരവോട് കൂടി വയനാട് അസിസ്റ്റന്റ് ലേബർ ഓഫീസർ അനുവദിച്ച ലേബർ കാർഡുള്ള നാല് തൊഴിലാളികളാണ് ഞങ്ങൾക്കുള്ളത്. അത് പ്രകാരം നിയമപരമായി മാത്രമാണ് നെസ്റ്റോ, ലാബർ കാർഡുള്ള സ്വന്തം തൊഴിലാളികളെ വെച്ച് കയറ്റിറക്ക് ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ നെസ്റ്റോയുടെ കോമ്പൗണ്ടിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ തടയുകയും ഭീഷണിപ്പെടുത്തുകയുമാണ് ചുമട്ടു തൊഴിലാളികളുടെ ഭാഗത്ത് നിന്നുമുണ്ടായത്. തുടർന്ന് രണ്ട് ദിവസം പൂർണ്ണമായും ചരക്കിറക്കാൻ സാധിക്കാതെ വന്നതിനാൽ വീണ്ടും ഹൈക്കോടതിയെ ബന്ധപ്പെടുകയും സ്വന്തം തൊഴിലാളികളെ വെച്ച് ചരക്കിറക്കാൻ പോലീസ് സുരക്ഷ അനുവദിക്കുകയും ചെയ്തു.
അതിന് ശേഷം ചുമട്ടു തൊഴിലാളികൾ വിപുലമായ സമരപന്തൽ, വഴി തടസ്സപ്പെടുത്തി നിർമിക്കുകയും പ്രകടനവും പൊതു യോഗവും സംഘടിപ്പിക്കുകയും വരുന്ന വാഹനങ്ങൾ തടയുകയും ചെയ്യുന്നു. കൽപറ്റ പോലീസിന്റെ സഹായത്തോട് കൂടിയാണ് ഇപ്പോൾ അവിടെ ഞങ്ങൾ ചരക്കിറക്കുന്നത്. എന്നാൽ ഇപ്പോഴും ഓരോ വാഹനം വരുമ്പോഴും അവർ തടയുന്നത് തുടരുകയും തുടർന്ന് പോലീസിനെ വിളിച്ചു വരുത്തി ചരക്കിറക്കുന്ന സ്ഥിതി വിഷേശം തുടർന്നു കൊണ്ടിരിക്കുന്നു.
സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ തടയുന്നത് കൂടാതെ അവിടേക്ക് വരുന്ന ഉപഭോക്താക്കളോട് തിരിച്ചു പോവാൻ ആവശ്യപ്പെടുകയുമാണ് ഇവർ. ഇതു കൊണ്ട് തന്നെ ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടമാണ് ഞങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാത്തതിനും എതിരെ സുതാര്യമായ നടപടിയുണ്ടാവേണ്ടിയിരിക്കുന്നു. പുതിയ വ്യവസായ സംരംഭങ്ങൾക്ക് സുഗമമായി പ്രവർത്തിച്ചു പോരാൻ നമ്മുടെ നാട്ടിൽ ഇന്നും സാധ്യമല്ല എന്ന് ഇവരെ പോലുള്ളവർ വീണ്ടും തെളിയിക്കുന്നു.
ഒരാൾക്കെങ്കിലും ജോലി കൊടുക്കാൻ ഈ പറയുന്ന തൊഴിലാളി യൂണിയനുകൾക്ക് സാധിക്കുമോ, പകരം ഒരു വ്യവസായ സംരംഭത്തെ അവിടത്തെ തൊഴിലാളികളെ, അവിടെ വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ കൊടിയും കുത്തി സമരം ആഹ്വാനം ചെയ്യാൻ മുമ്പന്തിയിലാണ് ഇവർ.
ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് ഈ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുക തന്നെ ചെയ്യും.
എന്നും ഞങ്ങളോടൊപ്പം കൂടെ നിന്നിട്ടുള്ള നല്ലവരായ ജനങ്ങൾക്ക് കാര്യത്തിന്റെ നിജസ്ഥിതി അറിയിക്കാനാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യാൻ ഞങ്ങൾ നിർബന്ധിതരായത്.