കയ്‌റോ- ഈജിപ്തിലെ ചെങ്കടല്‍ റിസോര്‍ട്ടായ ഹര്‍ഗാദയില്‍ രണ്ട് സ്ത്രീകളെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. സംഭവം സ്ഥിരീകരിച്ച ഈജിപ്ത് പരിസ്ഥിതി മന്ത്രി യാസ്മിന്‍ ഫുവാദ് കൊല്ലപ്പെട്ട സ്ത്രീകളുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.
സഹല്‍ ഹശീശ് റിസോര്‍ട്ടിനു മുന്നില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയാണ് സ്ത്രീകളെ സ്രാവ് ആക്രമിച്ചത്. ഉടന്‍ തന്നെ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അനന്തര നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
എപ്പോഴാണ് സംഭവം നടന്നതെന്നോ ഏതു രാജ്യക്കാരാണ് മരിച്ചതെന്നോ പരിസ്ഥിതി മന്ത്രാലയം വെളിപ്പെടുത്തിയില്ല. ഹര്‍ഗാദക്കു സമീപം സ്രാവില്‍നിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്താന്‍ ശ്രമിക്കുന്ന വനിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 68 വയസ്സായ ഓസ്ട്രിയന്‍ വനിതയാണ് ഇവരെന്നും മരിക്കുന്നതിനുമുമ്പ് ഒരു കാലും ഒരു കൈയും നഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.