ഇന്‍ഡോര്‍- ഹിന്ദുത്വ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് മധ്യപ്രദേശില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈവസിയുടെ പൊതുയോഗം റദ്ദാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്‍ഡോറില്‍ നടത്താനിരുന്ന പൊതുയോഗമാണ് ഉപേക്ഷിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്‍ഡോറില്‍ റദ്ദാക്കുന്ന ഉവൈസിയുടെ രണ്ടാമത്തെ റാലിയാണിത്.
ഹൈദരാബാദ് എം.പിയായ ഉവൈസിക്കെതിരെ കരിങ്കൊടി പ്രകടനം നടത്തുമെന്ന ഹിന്ദുത്വ സംഘടനയുടെ ഭീഷണി കണക്കിലെടുത്താണ് സംഘാടകര്‍ റാലി ഉപേക്ഷിച്ചത്.
പന്ധരീനാഥ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. പ്രതിഷേധ സൂചകമായി കരിങ്കൊടി വീശുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഹിന്ദുത്വ സംഘടനയുടെ ഭീഷണി കാരണം സംഘാടകര്‍ തന്നെ യോഗം ഉപേക്ഷിച്ചതാണെന്ന് എ.സി.പി ദിനേഷ് അഗര്‍വാള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ സാധിക്കാത്തതില്‍ ഉവൈസി അനുയായികളോട് ക്ഷമ ചോദിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷം അടുത്ത സന്ദര്‍ശനത്തില്‍ പൊതുയോഗത്തില്‍ പ്രംസഗിക്കുമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.