കേന്ദ്ര മന്ത്രി ഗോയലിന്റെ ഭാര്യയുടെ കമ്പനി 10 വര്‍ഷത്തിനിടെ വളര്‍ന്നത് 3000 ഇരട്ടി

ന്യൂദല്‍ഹി- 650 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണമുയര്‍ന്നതിനു തൊട്ടുപിറകെ കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍. ഗോയലിന്റെ ഭാര്യ സീമയുടെ ഉടമസ്ഥതയിലുള്ള ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കഴിഞ്ഞ 10 വര്‍ഷത്തിനിടെ അസാധാരണമായി 3,000 ഇരട്ടി വളര്‍ച്ച കൈവരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു ലക്ഷം രൂപ മൂലധനവുമായി 2005-06-ല്‍ പ്രവത്തനമാരംഭിച്ച കമ്പനി യാതൊരു വരുമാന സ്രോതസ്സും കാണിക്കുകയോ എന്താണ് ബിസിനസെന്ന് വ്യക്തമാക്കുകയോ ചെയ്യാതെ പത്തു വര്‍ഷത്തിനിടെ 30 കോടി രൂപയുടെ വരുമാനമുണ്ടാക്കിയെന്നാണ് രേഖകളില്‍ പറയുന്നത്. ഗോയല്‍ മുന്‍ ചെയര്‍മാനായിരുന്ന, ഗോയലുമായി ബന്ധമുള്ളവര്‍ ഇപ്പോള്‍ നടത്തി വരുന്നതുമായ ഷിര്‍ദി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി 650 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയെന്നും ഇതിന്റെ 65 ശതമാനവും എഴുതിത്തള്ളിയെന്നും കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കേന്ദ്ര മന്ത്രി പദവി ഏറ്റെടുക്കുന്നതിനു തൊട്ടു മുമ്പ് 2014 മേയ് 13-നാണ് ഇന്റര്‍കോണ്‍ അഡ്വസേഴ്‌സിലെ തന്റെ ഓഹരികള്‍ ഭാര്യ സീമയ്ക്ക് കൈമാറി ഡയറക്ടര്‍ പദവിയില്‍ നിന്ന് ഗോയല്‍ രാജിവച്ചത്. ഗോയലും ഭാര്യയുമാണ് ഈ കമ്പനിയുടെ ഉടമകളെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇപ്പോശ് സീമ ഗോയലിന് 9,999 ഓഹരികളാണ് കമ്പനിയിലുള്ളത്. ഒരു ഓഹരി മകന്‍ ധ്രുവിന്റെ പേരിലും. ഈ കമ്പനി പൂര്‍ണമായും ഗോയല്‍ കുടുംബത്തിന്റേതാണെന്നും ഖേര പറഞ്ഞു. 

കമ്പനിയുടെ വരുമാന കാണിച്ചിരിക്കുന്നത് വെറും കണ്‍സള്‍ട്ടന്‍സി ഫീ, ഹ്രസ്വകാല മൂലധന നേട്ടം എന്നീ ഗണങ്ങളിലാണ് വരുമാനം കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇവയുടെ വിശദാംശങ്ങളൊന്നും നല്‍കുന്നില്ല. എന്നാല്‍ കമ്പനി സമര്‍പ്പിച്ച കോര്‍പറേറ്റ് ഫയലുകളിലൊന്നും സാധാരണ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനി നടത്തുന്നതായി കാണുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ഗോയല്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്നും ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് സ്ഥാപിച്ച് അതിലൂടെ അദ്ദേഹം സേവനം നല്‍കിയിരുന്നതായും ബിജെപി പ്രതികരിച്ചു. വായ്പാ തട്ടിപ്പുമായി ഉയര്‍ന്നു വന്ന ഷിര്‍ദി എന്ന കമ്പനിയുമായി ഗോയലിന് ബന്ധമില്ലെന്നും ബിജെപി പറയുന്നു.
 

Latest News