തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ഇറങ്ങിയ കേരളപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി.സി ജോര്‍ജിനെ അവഗണിക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ ധാരണ.
വര്‍ഗീയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജ് എന്ത് ആരോപണവും ഉന്നയിക്കാന്‍ മടിക്കാണിക്കാത്തയാളാണെന്നാണ് സി.പി.എം പറയുന്നത്. ആരോപണങ്ങള്‍ ഉന്നയിച്ച് പിണറായി വിജയനെ പ്രകോപിപ്പിക്കാനാണ് പി.സി ജോര്‍ജിന്റെ ഉദ്ദേശം. മുഖ്യമന്ത്രിയോടുളള കടുത്ത പകയാണ് ഇതിനുപിന്നില്‍. ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞാല്‍ പിന്നെ ജോര്‍ജ് അതില്‍ പിടിച്ചു കയറും, അതിനാല്‍ ജോര്‍ജിന്റെ ആരോപണങ്ങള്‍ അവഗണിച്ചുവിട്ടാല്‍ മതിയെന്നു സി.പി.എം നേതൃത്വം തീരുമാനിച്ചു. സി.പി.എമ്മിന്റെ നിലപാടിനു സമാനമായാണു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രതികരണം. തെളിവുകള്‍ ഉണ്ടെങ്കില്‍ ജോര്‍ജ് അന്വേഷണ സംഘത്തിനു കൈമാറട്ടെയെന്നു കാനം പ്രതികരിച്ചു.