Sorry, you need to enable JavaScript to visit this website.

ചുവന്ന സ്‌കൂട്ടറുകാരന്‍ തട്ടുകടക്കാരന്‍, പ്രതിയെവിടെ?

തിരുവനന്തപുരം- എ.കെ.ജി സെന്ററിലേക്കു സ്‌ഫോടകവസ്തു എറിഞ്ഞവരെ പിടികൂടാന്‍ വൈകുന്നത് പോലീസിനും സി.പി.എമ്മിനും ഒരുപോലെ തിരിച്ചടിയാകുന്നു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരന് അക്രമത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് വിശദീകരണം.

പ്രതികളെ കണ്ടെത്താന്‍ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സി.പി.എമ്മിനു നേരേ തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. സംഭവം നടന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ലയെന്നുമാത്രമല്ല പോലീസും സര്‍വത്ര ആശയക്കുഴപ്പത്തിലാണ്. രണ്ട് പ്രതികളെന്നായിരുന്നു പോലീസന്റെ ആദ്യ നിഗമനം. എന്നാല്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പ്രതിയല്ലെന്ന് കണ്ടതോടെ വീണ്ടും എ.കെ.ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി നില്‍ക്കുകയാണ് അന്വേഷണം.

കല്ലെറിഞ്ഞ് എ.കെ.ജി. സെന്ററിന്റെ ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്ന് അഞ്ചുദിവസം മുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആണ്ടൂര്‍ക്കോണം സ്വദേശിയെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. കല്ലെറിയുന്നതു താന്‍ ഒറ്റയ്ക്കായിരിക്കുമെന്നും ഇയാള്‍ കുറിച്ചിരുന്നു. എന്നാല്‍, മദ്യലഹരിയിലാണു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇയാളുടെ നിലപാട്. എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ചുവന്ന സ്‌കൂട്ടറിലാണ് എത്തിയത്. കസ്റ്റഡിയിലുള്ളയാള്‍ക്കും ചുവന്ന സ്‌കൂട്ടറുണ്ട്. എന്നാല്‍, ആക്രമണസമയത്ത് ഇയാള്‍ എ.കെ.ജി. സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നു സ്ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന ദിവസം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നു കണ്ടെത്തി.

 

Latest News