ശ്രീനഗർ- ജമ്മു കശ്മീരിൽ പിടിയിലായ ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകൻ ബി.ജെ.പി നേതാവ്. ജമ്മുവിൽ പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജിനെയാണ് ജനങ്ങൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ജമ്മുവിലെ റിയാസി പ്രദേശത്ത് വെച്ചാണ് താലിബ് ഹുസൈൻ ഷാ എന്ന ലഷ്‌കർ ഭീകരനെയും കൂട്ടാളികളേയും ഗ്രാമവാസികൾ പുലർച്ചെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് എ.കെ റൈഫിളുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
മെയ് 9-നാണ് ജമ്മു പ്രവിശ്യയിൽ പാർട്ടിയുടെ ഐ.ടി, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതലയാണ് താലിബ് ഹുസൈൻ ഷാക്കുണ്ടായിരുന്നത്. ബിജെപി ന്യൂനപക്ഷ മോർച്ച ജമ്മു കശ്മീർ ഘടകമാണ് ഇയാളെ നിയമിച്ചത്. ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദ്ര റെയ്ന ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കൊപ്പം ഷാ നിൽക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. ഷായെ പിടികൂടിയ ഗ്രാമവാസികളെ ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറും പോലീസ് മേധാവിയും അഭിനന്ദിച്ചു. ഗ്രാമവാസികൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
രണ്ട് മോസ്റ്റ് വാണ്ടഡ് തീവ്രവാദികളെ പിടികൂടിയ റിയാസിയിലെ ടുക്സൺ ധോക്കിലെ ഗ്രാമീണരുടെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. സാധാരണക്കാരന്റെ ഇത്തരം ദൃഢനിശ്ചയം തീവ്രവാദത്തിന്റെ അന്ത്യം വിദൂരമല്ലെന്ന് കാണിക്കുന്നു. തീവ്രവാദികൾക്കും തീവ്രവാദത്തിനുമെതിരായ ധീരമായ പ്രവർത്തനങ്ങൾക്ക് ഗ്രാമീണർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.
രജൗരി ജില്ലയിൽ രണ്ട് സ്ഫോടനങ്ങളിലും ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിലും ഷായുടെ പങ്കുണ്ടെന്ന് സംശയം തോന്നിയതിനെത്തുടർന്ന് ഒരു മാസത്തിലേറെയായി ഷായെ പോലീസ് നോട്ടമിട്ടിരുന്നു.