റിയാദ് - എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിന്റെ പേരിൽ റീ എൻട്രിയിൽ പോയി തിരിച്ചുവരുന്നവരെ ഇന്ത്യയിലെ ചില എയർപോർട്ടുകളിൽ തടയുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും. അവധിയിൽ പോകുന്നവർക്ക് ഇ.സി.എൻ.ആറിന് നാട്ടിലും അപേക്ഷ നൽകാമെന്ന് എംബസി അറിയിച്ചു. പഴയ പാസ്‌പോർട്ടിനൊപ്പം പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷയും ഫീസും അടച്ചാൽ ഒരാഴ്ചക്കകം 10 വർഷ കാലാവധിയുള്ള പുതിയ പാസ്‌പോർട്ട് ലഭിക്കും.
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരുമ്പോൾ ഏതാനും ചില ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ.സി.ആർ പാസ്‌പോർട്ടുടമകളെ തടയുന്നുണ്ട്. ഈ വിവരം പുറത്തു വന്നതോടെ ഇ.സി.എൻ.ആർ അപേക്ഷയുമായി വി.എഫ്.എസ് കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടമെത്തി. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഹെൽപ് ലൈനുകളിൽ ദിനംപ്രതി നിരവധി പേർ വിളിച്ചന്വേഷിക്കുന്നുമുണ്ട്. പാസ്‌പോർട്ട് നമ്പർ നൽകിയാൽ ഇ.സി.എൻ.ആർ സ്റ്റാറ്റസ് പറഞ്ഞുകൊടുക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഉദ്യോഗസ്ഥർ സജ്ജരാണ്.
പഴയ ബുക്ക്‌ലറ്റ് രൂപത്തിലുള്ള പാസ്‌പോർട്ടിന്റെ മൂന്നാം പേജിൽ ഇ.സി.ആർ (എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ്) സ്റ്റാമ്പ് ചെയ്തിട്ടില്ലെങ്കിൽ അതു ഇ.സി.എൻ.ആർ (എമിഗ്രേഷൻ ക്ലിയറൻസ് നോട്ട് റിക്വയേർഡ്) പാസ്‌പോർട്ടായാണ് പരിഗണിക്കുന്നത്. പുതിയ രൂപത്തിലുളള പാസ്‌പോർട്ടിൽ അവസാനത്തെ പേജിൽ രക്ഷിതാവിന്റെ പേരിന് തൊട്ടുമുകളിൽ ഇ.സി.ആർ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണ്. ഇ.സി.ആർ സ്റ്റാറ്റസിന്റെ പ്രിന്റോ സ്റ്റാമ്പോ ഇല്ലെങ്കിൽ അത് ഇ.സി.എൻ.ആർ വിഭാഗത്തിലാണ് പെടുന്നത്. അവർ എമിഗ്രേഷൻ ക്ലിയറൻസിന് വി.എഫ്.എസിനെ സമീപിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചു.