ന്യൂദല്‍ഹി- ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം. ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്ഥാന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതേസമയം പ്രതികള്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയിലെ അംഗങ്ങളായിരുന്നു എന്ന പ്രചാരണവും നടക്കുന്നുണ്ട്.