മലപ്പുറം- റഷ്യൻ ലോകകപ്പ് ഫുട്‌ബോളിനു വരവേറ്റു മലപ്പുറം ജില്ലയിലെ ബ്രസീൽ ആരാധകർ പണി തുടങ്ങി. ബ്രസീൽ ടീമിന്റെ ചിത്രങ്ങളടങ്ങിയ കൂറ്റൻ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചു ലോകകപ്പ് ആവേശത്തിനു തുടക്കമിട്ടിരിക്കുകയാണ് ഒരു പറ്റം ആരാധകർ. തിരൂരങ്ങാടി ചെറുമുക്ക് റോഡിൽ ബ്രസീൽ ഫാൻസുകാർ സ്ഥാപിച്ച വൻ ഫ്ളക്‌സ് ബോർഡ് ആകർഷകമാണ്. 57 അടി നീളവും 13 അടി വീതിയിലുമാണ് റോഡരികിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തിരൂരങ്ങാടി താഴെചിനയിലെ ബ്രസീൽ ആരാധകരായ ജാസിം മണക്കടവൻ, റഫീഖ് കൂളത്ത്, നിസാർ കുറ്റിയിൽ, ഹാരിസ് കുന്നുമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബ്രസീൽ സൂപ്പർതാരം നെയ്മർ പരിക്കേറ്റു വിശ്രമത്തിലാണ്. നെയ്മർ റഷ്യൻ ലോകകപ്പിനുണ്ടാകുമോ എന്നൊന്നും നിശ്ചയമായിട്ടില്ലെങ്കിലും നെയ്മറിന്റെ ചിത്രമാണ് ഫഌക്‌സ് ബോർഡിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനകം പലയിടത്തും ബോർഡുകളും കൊടികളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകൾക്കാണ് ജില്ലയിൽ കൂടുതൽ ആരാധകരുള്ളത്. ജില്ലയിലെ ആരാധകർ ലോകകപ്പിനു ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഓരോ ലോകകപ്പ് വന്നെത്തുമ്പോഴും ഫുട്‌ബോൾ ആരാധകർ ഇഷ്ട ടീമുകൾക്കായി രംഗത്തിറങ്ങുന്നതു മലപ്പുറം ജില്ലയിലാണ് ഏറെ കണ്ടുവരുന്നത്. ജൂൺ ആകുമ്പോഴേക്കും ആവേശം ഇരട്ടിയാകും. ജൂൺ 14ന് റഷ്യയിലാണ് ലോകകപ്പിനു തുടക്കമാകുന്നത്. 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഒരുമാസക്കാലം നീണ്ടുനിൽക്കും. മത്സര ഷെഡ്യൂൾ പുറത്തിറങ്ങിയതോടെ കളിയെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായി തുടങ്ങിക്കഴിഞ്ഞു.
ലോക കപ്പ് ഫുട്‌ബോളിന് ജില്ലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ബ്രസീലിനും അർജന്റീനക്കുമാണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ജർമനിക്ക് ഈ പ്രാവശ്യം ആരാധകർ കൂടിയിട്ടുണ്ടെന്നാണ് ഫുട്‌ബോൾ ആരാധകരുടെ വിലയിരുത്തൽ. കളിക്കാരുടെ പ്രകടനവും മികവും വിലയിരുത്തിയാൽ ഇത്തവണ ബ്രസീൽ കപ്പടിക്കുമെന്നു തന്നെയാണ് ബ്രസീൽ ആരാധകരുടെ ഉറച്ച വിശ്വാസം. 1930 ൽ ഇടം പിടിച്ച ബ്രസീൽ അഞ്ചു തവണ ജേതാക്കളായിട്ടുണ്ട് 1958, 1962, 1970, 1994, 2002 വർഷങ്ങളിലെ വിജയികളാണ് ബ്രസീൽ. കഴിഞ്ഞ ബ്രസീൽ ലോകകപ്പ് ഫുട്‌ബോളിൽ ജർമനി ബ്രസീലിനെ സെമിഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്കു തോൽപിച്ചിരുന്നു. ഇതിന്റെ മുറിവുണിക്കിയാണ് ബ്രസീലിന്റെ ഇത്തവണത്തെ വരവെന്നു ആരാധകർ പറയുന്നു. ബ്രസീൽ സെമിയിൽ തോറ്റതോടെ ഫൈനലിൽ അർജന്റീനയും തോൽക്കണമെന്നു ആഗ്രഹിച്ച ബ്രസീൽ ആരാധകരും ഏറെയുണ്ടായിരുന്നു. അർജന്റീന ഫാൻസും ബ്രസീൽ ഫാൻസും തമ്മിലുള്ള വൈരമാണിതിനു കാരണം. ഒടുവിൽ ഫൈനലിൽ അർജന്റീനയെയും തോൽപിച്ച് ജർമനി ജേതാക്കളായി.
ഇത്തവണ ബ്രസീലിന്റെ പുതുമുഖങ്ങൾ തകർക്കുമെന്നാണ് ആരാധകർ പറയുന്നത്. പരിക്കു മാറി നെയ്മർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്റെ ആരാധന കൂട്ടങ്ങൾ. കുടീന്യോ, ഗ്രബിയേൽ ജീസസ്, ഡാനി ആൽവസ്, വില്യൻ, തിയാഗോ സിൽവ, റോബർട്ടോ ഫിർമിനോ തുടങ്ങിയ താരങ്ങൾ ശക്തരാണെന്നു താഴെചിനയിലെ ബ്രസീൽ ആരാധകർ പറയുന്നു. അതുകൊണ്ടു തന്നെ നന്നായി കളിച്ചാൽ ബ്രസീൽ കപ്പ് അടിക്കുമെന്നു ചെറുമുക്ക് വെസ്റ്റിലെ കടുത്ത ബ്രസീൽ ആരാധകനായ പച്ചായി അസ്ഹറുദ്ദീൻ പറഞ്ഞു.