ആലപ്പുഴ- ജില്ലയിൽ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ. എംഎൽഎമാരും സിപിഎം സിപിഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നയിച്ച എൽഡിഎഫ് റാലിയിലാണു പ്രകോപന മുദ്രാവാക്യം ഉയർന്നത്. 'കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്' എന്നായിരുന്നു മുദ്രാവാക്യം.
തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ബോംബേറുണ്ടായതിൽ പ്രതിഷേധിച്ചായിരുന്നു റാലി. രാവിലെ അമ്പലപ്പുഴയിലെ സിപിഎം റാലിയിലും ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. അമ്പലപ്പുഴയിലെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതികരണവുമായി എച്ച്.സലാം എംഎൽഎ രംഗത്തെത്തി. എകെജി സെന്റർ ആക്രമണത്തെ ചെറുതാക്കി കാണിക്കാനാണു മുദ്രാവാക്യവിവാദം എന്നായിരുന്നു സലാമിന്റെ പ്രതികരണം