ജുബൈൽ- ഭീകരവാദികൾ ജീവൻ കവർന്നെടുത്ത പിതാവിന്റെ ഓർമകളിൽ അദ്ദേഹത്തിന്റെ ശിരോവസ്ത്രം (ശിമാഗ്) മുത്തുന്ന ബാലികയുടെ ചിത്രം വൈറലായി. ജുബൈൽ റോയൽ കമ്മീഷൻ കഴിഞ്ഞവാരം സംഘടിപ്പിച്ച കണ്ടംപെററി ആർട്ട് ഫെസ്റ്റിവലിൽ പ്രമുഖ ചിത്രകാരൻ ശാക്കിർ അൽസലീം വരച്ച അക്രിലിക് പെയിന്റിംഗ് ആണ് കാഴ്ചക്കാരിൽ ഒരേ സമയം ദേശസ്‌നേഹത്തിന്റെയും നൊമ്പരത്തിന്റെയും വേലിയേറ്റം സൃഷ്ടിച്ചത്. ഒരു സംഘം ഭീകരവാദികൾ നടത്തിയ സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മകൾ, പിതാവിന്റെ ശിരോവസ്ത്രം (ശിമാഗ്) പിടിച്ച് മുത്തുന്ന ചിത്രം അക്ഷരാർഥത്തിൽ കാണികളുടെ കണ്ണിനെ ഈറനണിയിച്ചു.
പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതയായ ബാലികയുടെ കഥ കേട്ട നിമിഷം തന്നെ തന്റെ മനസ്സിൽ ഇത്തരമൊരു ചിത്രം തെളിയുകയായിരുന്നുവെന്ന് ശാക്കിർ അൽസലീം അൽഅറബിയ്യ ചാനലിനോട് വെളിപ്പെടുത്തി. പിതാവിന്റെ ശരീരത്തിന്റെ ഗന്ധം അനുഭവിക്കുന്നതിനാണ് അദ്ദേഹം എപ്പോഴും ധരിച്ചിരുന്ന ശിമാഗ് വാസനിക്കുന്നതിലൂടെ ഇവൾ ശ്രമിക്കുന്നത്. അതേസമയം, ധീരസേനാനിയായ പിതാവിനെ കുറിച്ച് ബാലികക്ക് അഭിമാനത്തോടെ ഏറെ പറയാനുമുണ്ട്. വളർന്നുവരുന്ന കുട്ടികളിൽ ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ശാക്കിർ അൽസലീം പറയുന്നു. രാജ്യദ്രോഹികൾക്കും വിധ്വംസക ശക്തികൾക്കും കനത്ത താക്കീത് നൽകുക എന്നതും തന്റെ ലക്ഷ്യമാണെന്നും ചിത്രകാരൻ വെളിപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളാണ് ചിത്രം പങ്കുവെച്ചത്.