ന്യൂദല്‍ഹി- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയേയും 15 വിമത എം.എല്‍.എമാരേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു സുപ്രീം കോടതിയില്‍.
ഇവരുടെ അയോഗ്യത കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. വിമത എം.എല്‍.എമാരെ മഹാരാഷ്ട്ര അസംബ്ലിയില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
16 എം.എല്‍.എമാര്‍ക്ക് നേരത്തെ നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ അയോഗ്യതാ നോട്ടീസ് നല്‍കിയിരുന്നു.
ഷിന്‍ഡെ ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രം മാറ്റി, ബാല്‍താക്കറെയോടൊപ്പം
മുംബൈ-മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ ട്വിറ്റര്‍ ഹാന്‍ഡിലിലെ പ്രൊഫൈല്‍ ചിത്രം ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെയോടൊപ്പമുള്ളതാക്കി.
കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യമുണ്ടാക്കിയ ഉദ്ദവ് താക്കറെ ബാല്‍ താക്കറെയുടെ ഹിന്ദുത്വ ആശയത്തില്‍ വെള്ളം ചേര്‍ത്തുവെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. പ്രൊഫൈല്‍ ചിത്രം മാറ്റയതിലൂടെ ഉദ്ദവ് താക്കറേക്കും അദ്ദേഹത്തിന്റെ മുന്‍മന്ത്രിമാര്‍ക്കും ശക്തമായ സന്ദേശമാണ് ഷിന്‍ഡെ നല്‍കിയിരിക്കുന്നത്. ബാല്‍ താക്കറെ എക്കാലത്തും കോണ്‍ഗ്രസിനും എന്‍.സി.പിക്കുമെതിരെയാണ് നില കൊണ്ടതെന്നും എന്നാല്‍ ഉദ്ദവ് അവരുമായി കൈകോര്‍ത്തുവെന്നുമാണ് എം.എല്‍.എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് പോയതുമുതല്‍ ഷിന്‍ഡെ ആരോപിച്ചിരുന്നത്.
പ്രൊഫൈലില്‍ മുഖ്യമന്ത്രി എന്നു ചേര്‍ക്കുന്നതിനു പകരം ശിവസേന നേതാവ്, മഹാരാഷ്ട്ര മന്ത്രി, കോപ്രി എം.എല്‍.എ എന്നാണ് ചേര്‍ത്തിരിക്കുന്നത്.