ഉദയ്പുർ-രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിൽ സംഘർഷം. മൗനജാഥക്കിടെയാണ് സംഘർഷമുണ്ടായത്. കലാപത്തിന് മുതിർന്ന ആൾക്കുട്ടത്തെ പോലീസ് ശാന്തരാക്കി. പ്രതിഷേധത്തിനിടെ പ്രകോപിതരായ ജനക്കൂട്ടം കല്ലേറ് നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതിനിടെ റാലി നടത്താൻ അനുവദിച്ചത് എന്തിനെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നഗരത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നഗരത്തിലെ എല്ലാ കടകളും അടച്ചിടുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.