ദല്‍ഹി- വിശ്രമ ജീവിതം നയിക്കുന്ന ദല്‍ഹിയിലെ ദ്വാരകയിലെ 64 മുതിര്‍ന്ന പൗരന്മാരെ ദുബായ് ടൂര്‍ വാഗ്ദാനം നല്‍കി 18 ലക്ഷം രൂപ വാങ്ങിയ ശേഷം ട്രാവല്‍ ഏജന്‍സി അധികൃതര്‍ മുങ്ങിയതായി പരാതി. ഇവരുടെ സംഘടനയായ സീനിയര്‍ സിറ്റിസണ്‍ അസോസിയേഷനാണ് വിദേശ ടൂറിനായി ഏജന്‍സിയെ സമീപിച്ചത്. ജീവിതത്തില്‍ ആദ്യമായി വിദേശ യാത്ര സ്വപനം കണ്ടു കഴിഞ്ഞിരുന്ന ഇവരെ മുംബൈ ആസ്ഥാനമായ ട്രാവല്‍ ഏജന്‍സി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദുബായില്‍ കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും പണം വാങ്ങിയ ശേഷം ഇതുവരെ ദുബായിലേക്ക് കൊണ്ടു പോയിട്ടില്ലെന്നാണ് പരാതി.
ഒരാളില്‍ നിന്ന് 37,800 രൂപയാണ് ഏജന്‍സി വാങ്ങിയത്. അഞ്ചു രാത്രികളും ആറു പകലും ദുബായില്‍ ചെലവഴിക്കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കി യാത്രയ്ക്കു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയ ഇവര്‍ യാത്ര പുറപ്പെടാന്‍ നിശ്ചയിച്ച ദിവസത്തിനു തൊട്ടുമുമ്പത്തെ ദിവസമാണ് യാത്ര റദ്ദാക്കിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കേസെടുത്ത ദ്വാരക പോലീസ് ടൂര്‍ ഓപറേറ്ററെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി ശിബേഷ് സിങ് പറഞ്ഞു. കേസില്‍ പ്രതിയായ നൃപതി മനയ് എന്നയാളെ ഉടന്‍ അറസ്റ്റ് ചെയ്തു ദല്‍ഹിയിലെത്തിക്കുമെന്നും പോലീസ് പറഞ്ഞു. പണം തിരികെ നല്‍കുമെന്ന് ഇയാള്‍ പറഞ്ഞതായും പോലീസ് അറിയിച്ചു.
വിദേശ യാത്ര ആസുത്രണം ചെയ്യുന്നതിനിടെ പത്രത്തില്‍ പരസ്യം കണ്ടാണ് ഈ ഏജന്‍സിയെ സമീപിച്ചതെന്ന് സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ബല്‍ബീര്‍ സിങ് യാദവ് പറഞ്ഞു.