ബ്രിസ്‌റ്റോള്‍- ഗര്‍ഭിണിയാണെന്ന് അറിയാതെ 21 കാരി ശുചിമുറിയില്‍ പ്രസവിച്ചു. കടുത്ത വയറുവേദനയെ പെണ്‍കുട്ടി തുടര്‍ന്ന് ശുചിമുറിയില്‍ കയറുകയായിരുന്നു. 21 വയസ്സ് പൂര്‍ത്തിയാകാന്‍ വെറും ഒരു ദിവസം മാത്രം ഉള്ളപ്പോഴാണ് ഈ അപ്രതീക്ഷിത സംഭവം. ബ്രിസ്‌റ്റോള്‍ സ്വദേശിയായ പെണ്‍കുട്ടി യുകെയിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി ആന്റ് പൊളിറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്. ജൂണ്‍ 11 നാണ് ജെസ് ഡേവിസിന്റെ ജീവിതത്തില്‍ ഈ വേറിട്ട സംഭവം ഉണ്ടായത്.
വയറുവേദനയെ തുടര്‍ന്ന് രാത്രി ശുചിമുറിയില്‍ പോകുകയും തുടര്‍ന്ന് ജെസ് പ്രസവിക്കുകയും ചെയ്യുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് ജെസ് അറിഞ്ഞിരുന്നില്ല. വേദന ആര്‍ത്തവത്തെ തുടര്‍ന്നാണെന്നാണ് ജെസ് വിചാരിച്ചിരുന്നത്.
ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, പെണ്‍കുട്ടിയ്ക്ക് പ്രകടമായ ഗര്‍ഭലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ, ഗര്‍ഭിണികളുടേതായ വയറൊന്നും ജെസിന് ഉണ്ടായിരുന്നില്ല. തന്റെ ആര്‍ത്തവചക്രം എല്ലായ്‌പ്പോഴും ക്രമരഹിതമായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അതിനാല്‍ കുറച്ചുകാലമായി ആര്‍ത്തവം ഉണ്ടായിരുന്നില്ല.
ആണ്‍കുഞ്ഞിനാണ് ജെസ് ജന്മം നല്‍കിയത്. പ്രസവിക്കുമ്പോള്‍ കുഞ്ഞിന് ഏകദേശം 3 കിലോ ഭാരം ഉണ്ടായിരുന്നു. ' അവന്‍ ജനിച്ചപ്പോള്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. ആദ്യം സ്വപ്‌നം കാണുകയാണെന്ന് കരുതി. അവന്‍ കരയുന്നത് കേള്‍ക്കുന്നതു വരെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഞാന്‍ ഇനിയും മാനസികമായി വളരാനുണ്ടെന്ന് തോന്നി. ആദ്യത്തെ ഞെട്ടലില്‍ നിന്ന് കരകയറാനും അവനുമായി പൊരുത്തപ്പെടാനും ബന്ധം സ്ഥാപിക്കാനും കുറച്ച് സമയമെടുത്തു. പക്ഷേ ഇപ്പോള്‍ അതീവ സന്തോഷവതിയാണ്. വാര്‍ഡിലെ ശാന്തമായ കുഞ്ഞ് എന്നാണ് അവന്‍ അറിയപ്പെടുന്നത്', ജെസ് ഡേവിസ് പറഞ്ഞു.
'അടുത്ത ദിവസം എന്റെ ജന്മദിനത്തിന് ഞാന്‍ വീട്ടിലൊരു പാര്‍ട്ടി നടത്തേണ്ടതായിരുന്നു. അതിനാല്‍ കുളിക്കാനായി ശുചിമുറിയില്‍ പോയി. കുളിച്ചു കഴിഞ്ഞപ്പോള്‍ വേദന കൂടുതല്‍ വഷളായി. തനിക്ക് ശുചിമുറിയില്‍ പോകണമെന്നും വയര്‍ തള്ളാനും തോന്നിയെന്നും 20കാരി പറഞ്ഞു. പ്രസവവേദനയെ തുടര്‍ന്ന് ജെസ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. കട്ടിലില്‍ കിടക്കാന്‍ പോലും കഴിഞ്ഞില്ല. ഒരിക്കലും താന്‍ പ്രസവിക്കാന്‍ പോകുകയാണെന്ന് തോന്നിയില്ല', ജെസ് വെളിപ്പെടുത്തി.
എന്തുചെയ്യണമെന്ന് അറിയാതെ വീട്ടില്‍ തനിച്ചായിരുന്ന ജെസ് അവളുടെ ഉറ്റസുഹൃത്തായ ലിവ് കിംഗിനെ വിളിച്ചു. സുഹൃത്തിന്റെ സഹായത്തോടെ ജെസിനെ പ്രിന്‍സസ് ആനി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ ഇന്‍ക്വുബലേറ്ററില്‍ പ്രവേശിപ്പിച്ചു. 35 ആഴ്ചയില ഗര്‍ഭാവസ്ഥയിലാണ് കുഞ്ഞ് ജനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.