Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സവര്‍ണരുടെ സംവരണ വിരുദ്ധ ഭാരത ബന്ദ്; പലയിടത്തും അക്രമം

ന്യൂദല്‍ഹി- തൊഴിലിനും വിദ്യാഭ്യാസത്തിനും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം എടുത്തു കളയണമെന്നാവശ്യപ്പെട്ട് വിവിധ സവര്‍ണ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ രാജ്യത്ത് പലയിടത്തും ആക്രമ സംഭവങ്ങളും വഴിതടയലുമുണ്ടായി. ഏതെങ്കിലും സംഘടന ഇത്തരമൊരാവശ്യം ഉന്നയിച്ച് രംഗത്തു വരികയോ പരസ്യമായി ബന്ദിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. ബ്രാഹ്മണ, രജപുത്ര, ജാട്ട്, ഗുജ്ജര്‍ സമുദായങ്ങളുടെ കൂട്ടായ്മ എന്ന പേരില്‍ സര്‍വ സമാജ് എന്ന സംഘടനയാണ് ബന്ദിന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്.

ബിഹാറില്‍ സമരാനുകൂലികള്‍ നടത്തിയ വ്യാപക ആക്രമണങ്ങളില്‍ 12-ലേറെ പേര്‍ക്ക് പരിക്കേറ്റു. സംവരണ വിരുദ്ധരായ സവര്‍ണരും സംവരണത്തിനു വേണ്ടി നിലകൊള്ളുന്ന ദലിത്, ഒബിസി സംഘടനകളും പലയിടത്തും ഏറ്റുമുട്ടലുണ്ടായി. സമരാനുകൂലികള്‍ ബിഹാറില്‍ ട്രെയിന്‍ തടഞ്ഞു. റോഡ് ഗതാഗതവും തടസ്സപ്പെടുത്തി. മധ്യപ്രദേശിലെ മൊറേന, ഭിണ്ഡ് ജില്ലകളില്‍ പ്രതിഷേധം ആക്രമാസക്തമായതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലും രാജസ്ഥാനിലെ ആല്‍വര്‍, ജയ്പൂര്‍ എന്നിവിടങ്ങിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. 

സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണ നടക്കുന്നത് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ രണ്ടിന് ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ ആക്രമ സംഭവങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും ആവശ്യമെങ്കില്‍ നേതാക്കളെ കരുതല്‍ തടങ്കലില്‍ വച്ചും ആക്രമങ്ങള്‍ തടയണമെന്നാണ് നിര്‍ദേശം. ദലിത് ബന്ദ് ശക്തമായിരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 


 

Latest News