വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹെന്റെ ഓഫീസിലും വസതിയിലും
എഫ്.ബി.ഐ റെയ്ഡ് നടത്തി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന. റെയ്ഡ് നടത്തിയ നടപടിയെ ട്രംപ് വിമര്‍ശിച്ചു. അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണ് നടപടിയെന്നു അദ്ദേഹം പ്രതികരിച്ചു. മ്യൂളറും സംഘവും പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രനടി സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫീസില്‍നിന്ന് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
2006-07 കാലഘട്ടത്തില്‍ ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാനായി 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും അഭിഭാഷകനായിരുന്നുവെന്നു നടി വെളിപ്പെടുത്തിയിരുന്നു.