Sorry, you need to enable JavaScript to visit this website.

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

ന്യൂദല്‍ഹി- രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കും ക്രൈസ്തവ പുരോഹിതര്‍ക്കും നേര്‍ക്ക് നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. വേനല്‍ അവധിക്കു ശേഷം സുപ്രീംകോടതി ചേരുന്ന ദിവസം തന്നെ ഹരജി പരിഗണിക്കാമെന്നാണ് ഉറപ്പു നല്‍കിയത്. വിദ്വേഷ അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
രാജ്യത്താകെ പ്രതിമാസം ക്രൈസ്തവര്‍ക്കും പുരോഹിതര്‍ക്കുമെതിരേ അന്‍പതോളം അക്രമ സംഭവങ്ങള്‍ നടക്കുന്നു എന്ന് അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മേയില്‍ മാത്രം ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ക്കും എതിരേ 57 അക്രമങ്ങള്‍ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു വിലയിരുത്തിയ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി പര്‍ദിവാല എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാലബെഞ്ച് അവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം ആരംഭിക്കുന്ന ദിവസം തന്നെ ഹരജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. ജൂലൈ പതിനൊന്നിന് ഹരജി പരിഗണിക്കും.
അക്രമസംഭവങ്ങളെയും അതു സംബന്ധിച്ച കേസുകളും പരിശോധിക്കാന്‍ സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന തെഹ്‌സീന്‍ പൂനാവാല കേസിലെ വിധി നിര്‍ദേശം നടപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 2018 ല്‍ ഇക്കാര്യം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിവേഗ വിചാരണ, നഷ്ടപരിഹാരം, കര്‍ശന ശിക്ഷ, കൃത്യ വിലോപം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി തുടങ്ങിയ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നല്‍കിയിരുന്നത്. വിദ്വേഷ ആക്രമണങ്ങള്‍, പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവ മുളയിലേ നുള്ളണം എന്നാണ് സുപ്രീംകോടതി അന്നു ചൂണ്ടിക്കാട്ടിയത്.
വിദ്വേഷ അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ ഓരോ ജില്ലയിലും എസ്.പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കണം. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് പുതിയ ഹരജിയിലെ ആവശ്യം.

 

Latest News