മുംബൈ- തലയറുത്താലും ഗുവാഹത്തി മാര്‍ഗം സ്വീകരിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സയച്ചതിനു പിന്നാലെ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രംഗത്തുവന്നിരിക്കുന്ന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത എം.എല്‍.എമാര്‍ ഗുവാഹത്തി ഹോട്ടലില്‍ താമസിച്ചതിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്.
പത്ര ചൗള്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സഞ്ജയ് റാവത്തിന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് ലഭിച്ചത്. തന്നെ തടയുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
നാളെ ഇ.ഡി മുമ്പാകെ ഹാജരാകാനാണ് സഞ്ജയ് റാവത്തിനോട് ആവശ്യപ്പട്ടിരിക്കുന്നത്.
എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി മഹാരാഷ്ട്രയില്‍ ശിവസേന രൂപീകരിച്ച സര്‍ക്കാര്‍ വീഴാന്‍ സാധ്യത വര്‍ധിച്ചിരിക്കെയാണ് ഉദ്ദവ് താക്കറെയുടെ ശക്തനായ വക്താവായ സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യുന്നത്. സി.ബി.ഐയേയും ഇ.ഡിയേയും ഉപയോഗിച്ച് എതിരാളികളെ നിശബ്ദരാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
മുംബൈയിലെ ഗോരാഗാവ് പ്രദേശത്തുള്ള ചേരി വികസന പദ്ധതിയില്‍ 1034 കോടിയുടെ തിരിമറി നടന്നുവെന്നാണ് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.