തിരുവനന്തപുരം -ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ വംശഹത്യക്കിടെ കൊല്ലപ്പെട്ട ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയെ കാണരുതെന്നാണ് കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ അവരെ ഉപദേശിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
മൃദുഹിന്ദുവോട്ടുകൾ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു കോൺഗ്രസിന്റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ 'ടെംപിൾ ടൂർ' നടത്താൻ സമയം കണ്ടെത്തിയ രാഹുൽ ഗാന്ധി എഹ്‌സാൻ ജാഫ്രിയെപ്പറ്റിയോ ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.
സാക്കിയയുടെ കേസിലെ പെറ്റിഷണർ നമ്പർ 2 ആയ ടീസ്ത സെറ്റൽവാദും ഗുജറാത്ത് മുൻ ഡിജിപിയും മലയാളിയുമായ ആർബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റിൽ സാധാരണ ഗതിയിൽ ജനാധിപത്യ പാർട്ടികൾ എതിർക്കുമല്ലോ? എന്നാൽ കോൺഗ്രസ്സ് പാർടി പ്രതികരിച്ച രീതി കണ്ടാൽ ആ പാർടിയെയോർത്ത് കഷ്ടം തോന്നും.
കോൺഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്വി തുടങ്ങുന്നത് ഇപ്രകാരമാണ്.
' ടീസ്റ്റ സെതൽവാദിൻറെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നടന്ന വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസിൻറെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനു സാധിക്കില്ല'.
എന്നാൽ ഈ വിഷയത്തിൽ സിപിഐ എമ്മിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു.
'ഗുജറാത്ത് കലാപത്തിൽ സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവർത്തക തീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരേ ചുമത്തിയ കേസ് പിൻവലിക്കണം.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിലഭിക്കാൻ പോരാടിയ തീസ്തയെ അറസ്റ്റുചെയ്തതിനെ അപലപിക്കുന്നു. വർഗീയസംഘർഷങ്ങളുണ്ടാകുമ്പോൾ ഭരണകൂടത്തിൻറെ പങ്ക് ചോദ്യംചെയ്യരുതെന്ന് ജനാധിപത്യവിശ്വാസികൾക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരാണ്. സുപ്രീംകോടതി വിധിയിലെ പരാമർശങ്ങളെത്തുടർന്നാണ് ഇവർക്കെതിരേ ഗുജറാത്ത് സർക്കാരിൻറെ നടപടി. കോടതി സ്ഥാപിച്ച പ്രത്യേക അന്വേഷണസംഘത്തിൻറെ നടപടികളെ കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്നാണ് ഇതിനർഥം. മറിച്ചായാൽ കേസെടുക്കും. ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വസിക്കുന്ന തീസ്തയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തൽ ഹർജിക്ക് സാധ്യതയുള്ള കേസാണിത്'.
വ്യക്തമാണ് രണ്ട് പ്രതികരണവും. ആരാണ് ബിജെപിക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നത്; ആരാണ് എതിരെ ശക്തമായി പ്രതികരിക്കുന്നത് എന്ന് വ്യക്തം.
അറസ്റ്റിനെതിരെ വലുതായൊന്നും വേണ്ട, ചെറുതായി ഒന്ന് പ്രതിഷേധിക്കാൻ പോലും കോൺഗ്രസ്സിന് കഴിയുമായിരുന്നില്ലേ?
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിനമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാർ വിരുദ്ധരെ മുഴുവൻ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാൻ. പരിവാറിനെതിരെ ശബ്ദിച്ചാൽ ഇതൊക്കെയാവും ഫലം എന്ന ഭീഷണി. ആ ഭീഷണിക്കുമുന്നിലാണ് കോൺഗ്രസ്സ് മുട്ടുവിറച്ച് മൗനം പൂണ്ടത്.
ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോൺഗ്രസ്സ്. ഇത് ഗൗരവമായി നാം ചിന്തിക്കുന്നത് നന്നാവും. ഞങ്ങൾക്കെതിരെ പറയുന്ന കോൺഗ്രസിന്റെ ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണ്. കോൺഗ്രസിനൊപ്പം നിൽക്കുന്ന ലീഗിനെ പോലുള്ള മറ്റു പാർട്ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും.