ലണ്ടൻ- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പ്രവാചകൻ മുഹമ്മദിന്റെ വംശപരമ്പരയിൽ ഉൾപ്പെടുന്നുവെന്ന റിപ്പോർട്ട് ബ്രിട്ടനിൽ ചർച്ചയായി. വംശപരമ്പര പഠന വിധേയമാക്കി മൊറോക്കൻ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ചർച്ച. രാജകീയ വംശാവലി സംബന്ധിച്ച ബ്രിട്ടീഷ് അതോറിറ്റിയാണ് ഇക്കാര്യം 1986 ൽ ആദ്യമായി പ്രസിദ്ധീകരിച്ചതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. എലിസബത്ത് രാജ്ഞിയെ പ്രവാചകന്റെ വംശപരമ്പരയുമായി ബന്ധിപ്പിക്കാൻ 43 തലമുറകളുടെ വംശാവലിയാണ് പഠന വിധേയമാക്കിയെന്നാണ് മൊറോക്കൻ ദിനപത്രം വെളിപ്പെടുത്തുന്നത്. പ്രവാചക പുത്രി ഫാത്തിമയുടെ രക്തബന്ധം മധ്യകാലഘട്ടത്തിലെ മുസ്‌ലിം സ്‌പെയിനിലൂടെയാണ് 14 ാം നൂറ്റാണ്ടിലെ ഏൾ ഓഫ് കേംബ്രിഡജ് വഴി എലിസബത്ത് രാജ്ഞിയിലെത്തിച്ചേരുന്നത്.
ചില ചരിത്രകാരന്മാർ ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ആദ്യകാല-മധ്യകാല സ്‌പെയിനിന്റെ ചരിത്രവും ജനിതക രേഖകളും ഇത് ശരിവെക്കുന്നു. ഈജിപ്തിലെ മുൻ ഗ്രാന്റ് മുഫ്തി അലി ജമായും ഇക്കാര്യം അംഗീകരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.
പ്രവാചകൻ മുഹമ്മദിന്റെ രക്തമാണ് രാജ്ഞിയിലൊഴുകുന്നതെന്ന കാര്യത്തിന് ബ്രിട്ടീഷ് ജനതക്കിടയിൽ വലിയ പ്രചാരമില്ലെങ്കിലും എല്ലാ മുസ്‌ലിം മത നേതാക്കളും അതിൽ അഭിമാനം കൊള്ളുന്നുവെന്ന് രജകീയ വംശാവലിയുടെ അന്തിമ ബ്രിട്ടീഷ് അതോറിറ്റിയായ ബ്യൂർകെയുടെ ഡയരക്ടർ അന്തരിച്ച മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ 1986 ൽ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
മുസ്‌ലിം രാജകുമാരിയായിരുന്ന സെയ്ദയിലേക്കാണ് രാജ്ഞിയുടെ വംശാവലിയെ ബ്യൂർക്കെ എത്തിക്കുന്നത്. 11 ാം നൂറ്റാണ്ടിൽ ജന്മനാടായ സെവില്ലെ വിട്ട സെയ്ദ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചു. സെവില്ലെ രാജാവായിരുന്ന അൽ മുഅ്തമിദ് ഇബ്‌നു അബ്ബാദിന്റെ നാലാമത്തെ പത്‌നിയായിരുന്നു സെയ്ദ. ഇവരുടെ മകൻ സാഞ്ചോയുടെ പിന്മുറക്കാരൻ 11 ാം നൂറ്റാണ്ടിൽ ഏൾ ഓഫ് കേംബ്രിഡ്ജിനെ വിവാഹം ചെയ്തു. വംശാവലി ഇങ്ങനെ ചേർത്തു പറയുന്നുണ്ടെങ്കിലും സെയ്ദയുടെ വംശോൽപത്തി സംബന്ധിച്ച് ചരിത്രകാരന്മാർ ഭിന്നാഭിപ്രായം പുലർത്തുന്നു. പ്രവാചകന്റെ വംശപരമ്പരയിലെത്തിച്ചേരുന്ന ഒരു ഖലീഫയുടെ മകളായിരുന്നു സെയ്ദയെന്ന് ഒരു വിഭാഗം കരുതുമ്പോൾ വിവാഹത്തിലൂടെ ഖലീഫയുടെ കുടുംബത്തിൽ എത്തിച്ചേർന്നതാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.