കല്‍പറ്റ- കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. കെപിസിസി പ്രസിഡന്റിന്റെ വാക്കും കേട്ട് ആരും ഉറഞ്ഞു തുള്ളാന്‍ നില്‍ക്കേണ്ടെന്നും ഗഗാറിന്‍ വെല്ലുവിളിച്ചു. കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ റാലിക്കിടെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം കല്‍പ്പറ്റയില്‍ പ്രകടനം നടത്തി.
'സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്‌ഐ പെണ്‍കുട്ടികള്‍ക്കുണ്ട്. അവരാണ് ജയിലിലേക്ക് പോയത്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. അത് കോണ്‍ഗ്രസ് മനസിലാക്കണം. രാഹുല്‍ ഗാന്ധിക്ക് നേരെ പ്രതിഷേധം നടത്തിയിട്ട് രാഹുലിന്റെ ചിത്രം വലിച്ചെറിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആളാണ്.' ഗഗാറിന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വയനാട് ജില്ലാ കമ്മിറ്റിക്ക് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം അപലപനീയമെന്നും സാധാരണ സമര രീതിയല്ല വയനാട്ടില്‍ കണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യമാകെ ചര്‍ച്ചയാവുകയും പാര്‍ട്ടിക്ക് വലിയ നാണക്കേടാവുകയും ചെയ്ത സംഭവം ആര് ആസൂത്രണം ചെയ്തു സമരം എങ്ങനെ കൈവിട്ടു പോയി തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി എടുക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.
യുഡിഎഫ് പ്രതിഷേധത്തില്‍ തകര്‍ത്ത സിപിഎം കൊടിതോരണങ്ങള്‍ പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു. കര്‍ഷകര്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ മക്കള്‍ പ്രതികരിക്കുമെന്നും അത് അല്‍പ്പം കൂടി പോയെന്നുമായിരുന്നു എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സികെ ശശീന്ദ്രന്റെ പ്രതികരണം.