Sorry, you need to enable JavaScript to visit this website.

കോടതിയില്‍ പോരാട്ടം, തെരുവില്‍ ഭീഷണി; ശിവസേന വിമതരെ വരുതിയിലാക്കാന്‍ സമ്മര്‍ദം പലവിധം

മുംബൈ- സുപ്രീം കോടതിയില്‍ നിയമപോരാട്ടം, തെരുവില്‍ അണികളുടെ സമ്മര്‍ദം. ബി.ജി.പിക്ക് വഴങ്ങി സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാരിനേയും ചതിച്ച എം.എല്‍.എമാര്‍ക്ക് വേഗം വഴങ്ങേണ്ടെന്ന നിശ്ചയത്തിലാണ് മഹാരാഷ്ട്രയിലെ ശിവസേന.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിട്ടുപോയ എം.എല്‍.എമാര്‍ 40 പേരായെന്നാണ് കണക്ക്. ശിവസേനക്ക് 55 എം.എല്‍.എമാരാണുള്ളത്. ഇന്ന് ഒരു ക്യാബിനറ്റ് മന്ത്രികൂടി മറുകണ്ടം ചാടി. ഇദ്ദേഹം സൂറത്തില്‍നിന്ന് ഗുവാഹതിയിലേക്ക് പറന്നു.
വിമതരെ കൂറുമാറ്റ നിരോധപ്രകാരം അയോഗ്യരാക്കിയിരിക്കുകയാണ് എന്‍.സി.പിക്കാരനായ ഡപ്യൂട്ടി സ്പീക്കര്‍. ഇതിനെയാണ് വിമതര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ആകെ എം.എല്‍.എമാരിലെ മൂന്നില്‍ രണ്ടും ഒപ്പമുള്ളതിനാല്‍ കൂറുമാറ്റ നിയമം ബാധകമല്ലെന്നാണ് അവരുടെ വാദം. എന്നാലിത് ശരിയല്ലെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ത്, മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് എന്നിവര്‍ മുംബൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
16 എം.എല്‍.എമാര്‍ക്കെതിരെയാണ് അയോഗ്യത നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സഭക്ക് പുറത്ത് ഒരു നിയമസഭാംഗത്തിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെങ്കില്‍ അയോഗ്യനാക്കപ്പെടാന്‍ അര്‍ഹനാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുന്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ്, ലാലു പ്രസാദ് യാദവിന്റെ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടത് കാമത്ത് ചൂണ്ടിക്കാട്ടി.
അതേസമയം, തെരുവില്‍ വിമതരെ നേരിടുമെന്ന സൂചനയും ശിവസേന നല്‍കുന്നുണ്ട്. ഉദ്ധവിന്റെ മകനും യുവനേതാവുമായ ആദിത്യ താക്കറെ തന്നെ ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടുന്നു. അസമില്‍നിന്ന് വിമാനമിറങ്ങിയാല്‍ വര്‍ളി വഴിയാണ് അവര്‍ക്ക് നിയമസഭയിലേക്ക് പോകേണ്ടതെന്ന് മറക്കരുത്- ആദിത്യ ഓര്‍മിപ്പിച്ചു. വര്‍ളി നിയമസഭാംഗമാണ് ആദിത്യ താക്കറെ.
ഇന്നും മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വിമതര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി ശിവസേന പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

 

Latest News