മക്ക - ഇത്തവണത്തെ ഹജിന് സൗദി അറേബ്യക്കകത്തു നിന്നുള്ള 80,000 തീര്‍ഥാടകര്‍ക്ക് മശാഇര്‍ മെട്രോയില്‍ യാത്രാ സേവനം ലഭിക്കുമെന്ന് ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപന സമിതി ആക്ടിംഗ് പ്രസിഡന്റ് ഡോ. സാഅദ് അല്‍ജുഹനി പറഞ്ഞു. കൊറോണ മഹാമാരി വ്യാപനം കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മശാഇര്‍ മെട്രോ സര്‍വീസുകളുണ്ടായിരുന്നില്ല. മിനായിലെ തമ്പ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത് ഈ വര്‍ഷത്തെ ഹജിന് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികളില്‍ ഒന്നാണ്.
മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനിയാണ് തമ്പ് വികസന പദ്ധതി നടപ്പാക്കിയത്. പഴയ തമ്പുകള്‍ക്കു പകരം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായാണ് വികസിത തമ്പ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അറഫയില്‍ മുഴുവന്‍ പ്രദേശങ്ങളിലെയും തമ്പുകളില്‍ വൈദ്യുതി സേവനം ലഭ്യമാക്കിയതും ഇത്തവണത്തെ പുതിയ പദ്ധതിയാണ്. നേരത്തെ അറഫയിലെ തമ്പുകളില്‍ വൈദ്യുതിക്ക് ജനറേറ്ററുകളാണ് ആശ്രയിച്ചിരുന്നത്.