ബാലുശ്ശേരി- ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ലീഗ് പ്രവര്‍ത്തകനായ സുബൈര്‍ കുരുടമ്പത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ശക്തമായ പ്രചാരണം ഡെൈിവഎഫ്‌ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്‌ഐ അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നജാഫ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.