Sorry, you need to enable JavaScript to visit this website.

കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ വിളിച്ചെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

തിരുവനന്തപുരം- അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. 'ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി.ബി.ഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു.

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹരജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം. ഈ മാസം 30നാണ് സി.ബി.ഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹരജി തള്ളുമെന്ന് സരിത എസ്. നായര്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്. മേല്‍ക്കോടതിയില്‍ പോകാന്‍ സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കേസില്‍ അട്ടിമറി സംശയിക്കുന്നു, സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നല്‍കാമെന്ന് പറഞ്ഞു. കേസില്‍ സഹായിക്കാമെന്ന് പറഞ്ഞു. സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. സൗഹാര്‍ദപരമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി.

2018 സെപ്റ്റംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തുവെച്ചാണ് വാഹനാപകടം ഉണ്ടായത്.

 

Latest News