ശ്രീനഗര്‍- 2015-ലെ ഐഎഎസ് ഫലത്തിന് അപൂര്‍വ്വതകള്‍ പലതുമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി ഒരു ദലിത് പെണ്‍കുട്ടി ഒന്നാം റാങ്ക് നേടി. കശ്മീരില്‍ നിന്നുള്ള ഒരു മുസ്ലിം യുവാവ് രണ്ടാം റാങ്കുകാരനായതും മറ്റൊരപൂര്വ്വതയായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന ഇരുവരും മറ്റൊരു സുപ്രധാന നീക്കം നടത്തി വാര്‍ത്തയായിരിക്കുകയാണിപ്പോള്‍. ഒന്നാം റാങ്കുകാരി ടിന ദാബിയും രണ്ടാം റാങ്കുകാരന് അത്താര്‍ അമീറുല്‍ ശാഫി ഖാനും കഴിഞ്ഞ ദിവസം മിന്നുകെട്ടി. കശ്മീരിലെ മനോഹര താഴ്വരകളിലൊന്നായ പഹല്‍ഗാമിലെ റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍. കേന്ദ്ര ഉദ്യോഗസ്ഥ പരിശീലന വകുപ്പിന്റെ ഇടനാഴികളില്‍ ഇവരുടെ പ്രണയം മൊട്ടിട്ടത് നേരത്തെ വാര്‍ത്തയായിരുന്നു.
സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിന്റെ ചിത്രം ടിന ദാബി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് പുറം ലോകം അറിയുന്നത്. ശനിയാഴ്ചയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.