മുംബൈ- മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടെ അസമിലെ ഗുവാഹതിയില്‍ ഏക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. ഇതോടെ വിമത ശബ്ദം ഉയര്‍ത്തി പുറത്ത് പോയ എംഎല്‍എമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎല്‍എമാര്‍ക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ഷിന്‍ഡെ ട്വിറ്റര്‍ ഹാന്റിലില്‍ എഴുതി. തങ്ങള്‍ക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.
സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശരദ് പവാര്‍. വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരികെ എത്തിയാല്‍ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ദല്‍ഹിയില്‍ പോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തും. ശിവസേനയും എന്‍സിപിയും നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുക.
മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് വിവരം. തത്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാതെ കരുതലോടെയാണ് അവര്‍ മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഉപേക്ഷിച്ചാല്‍ വിമതര്‍ തിരികെ വരുമെങ്കില്‍ അതിനും തയ്യാറാണെന്ന് പറഞ്ഞത് ശിവസേന നേതാവ് സഞ്ജയ് റാവത്താണ്. എന്നാല്‍ ഇതിനെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ബിജെപി ഒരുക്കമല്ല. കരുതലോടെയാണ് ബിജെപി ക്യാംപ് മുന്നോട്ട് പോകുന്നത്. ശിവസേനയിലെ പിളര്‍പ്പിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം തള്ളുന്നതല്ലാതെ വിവാദത്തില്‍ പ്രത്യക്ഷമായ യാതൊരു പ്രതികരണവും ബിജെപി നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിന്‍ഡെയുടെ കൂടെ നില്‍ക്കുന്ന ശിവസേന എംഎല്‍എമാര്‍ നിലപാട് മാറ്റുമോയെന്നും ബിജെപി സംശയിക്കുന്നുണ്ട്.
എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കില്‍ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവര്‍ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു. മഹാ വികാസ് അഖാഡി സഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന, പാര്‍ട്ടി നേരിടുന്ന പിളര്‍പ്പിനെ മറികടക്കാനും എംഎല്‍എമാരെ തിരിച്ചെത്തിച്ച് വരുതിയില്‍ നിര്‍ത്താനുമുള്ള തന്ത്രമാണെന്നാണ് ബിജെപി സംശയിക്കുന്നത്.