വാഷിംഗ്ടണ്‍- മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ് ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമര്‍ യു.എസ് പ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചു.
തുടര്‍ച്ചയായി മൂന്ന് വര്‍ഷവും മതസ്വാതന്ത്ര്യ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മീഷന്റെ ശുപാര്‍ശകള്‍ ബൈഡന്‍ ഭരണകൂടം അംഗീകരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി പ്രഖ്യാപനം നടത്തണമെന്നുമാണ് കോണ്‍ഗ്രസ് അംഗങ്ങളായ റഷീദ താലിബും ജുവാന്‍ വര്‍ഗാസും പിന്തുണച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
പ്രമേയം ആവശ്യമായ തുടര്‍നപടികള്‍ക്കായി സഭയുടെ വിദേശകാര്യ കമ്മിറ്റിക്ക് അയച്ചു. പാക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ നേരത്തെ തന്നെ ഇല്‍ഹാന്‍ ഉമറിനെതിരെ രംഗത്തുവന്നിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തെ വകവെക്കാതെയാണ് അവര്‍ പാക്കധീന കശ്മീര്‍ സന്ദര്‍ശിച്ചതെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്ദര്‍ശനമെന്നാണ് ഇതിനെ അമേരിക്കന്‍ അധികൃതര്‍ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ഇല്‍ഹാന്‍ ഉമര്‍ മുന്‍പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഉള്‍പ്പെടയുള്ള പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.