ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌ക്കനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു

ഹൈദരാബാദ്- തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത 50-കാരനെ ഗ്രാമീണര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് അടിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ദൊങ്കേശ്വര്‍ ഗ്രാമത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന മെദാറായ് സായണ്ണ എന്നയാളില്‍ നിന്നും ലൈംഗിക പീഡനമേറ്റത് ഇരയായ ഏഴു വയസ്സുകാരി ബാലിക അമ്മയെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ അമ്മ സായണ്ണയെ ചോദ്യം ചെയതു. പിന്നീട് ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് സായണ്ണയെ പിടികൂടി മര്‍ദ്ദിക്കുകയുമായിരുന്നു.

രോഷാകുലരായ ജനക്കൂട്ടം ഇയാളെ മരത്തില്‍ ബന്ധിപ്പിച്ച് ലാത്തി വടികള്‍ കൊണ്ട് അടിക്കുകയായിരുന്നു. ഇരുപതോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. എങ്കിലും നൂറുകണക്കിന് ഗ്രാമീണര്‍ സംഭവത്തിനു ദൃകസാക്ഷികളാണെന്ന് പോലീസ് പറഞ്ഞു. സംഭവം ആരും പോലീസില്‍ അറിയിച്ചില്ല. വിവരമറിഞ്ഞ് പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരണപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 

പെണ്‍കുട്ടിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഗ്രാമീണര്‍ ആരും പോലീസിനു മൊഴി നല്‍കാന്‍ തയാറായിട്ടില്ല. വീഡിയോ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്. ആരെങ്കിലും സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പെണ്‍കുട്ടിയും കര്‍ഷകരായ മാതാപിതാക്കളും ഒരു മാസം മുമ്പാണ് ഈ ദൊങ്കേശ്വര്‍ ഗ്രാമത്തില്‍ താമസമാക്കിയത്. തൊട്ടടുത്ത ഒറ്റയ്ക്കു താമസിക്കുന്ന സായണ്ണ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്ത് ബിസ്‌കറ്റ നല്‍കാമെന്ന് പറഞ്ഞു വശീകരിച്ചാണ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്.
 

Latest News