Sorry, you need to enable JavaScript to visit this website.

ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ മരിച്ചു

കുറ്റാരോപിതനായി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍

പതിനെട്ടുകാരി പെണ്‍കുട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു

ഉന്നവോ- ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സംഘവും ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുമ്പില്‍ കഴിഞ്ഞ ദിവസം ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ബലാല്‍സംഗം ചെയ്തവര്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിലില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടിവയറ്റില്‍ ശക്തമായ വേദനയും ഛര്‍ദിയുമായാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഉന്നവോ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഓഫീസര്‍മാരേയും നാലു കോണ്‍സറ്റബ്ള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നാവോ പോലീസ് സുപ്രണ്ട് പുഷ്പാജ്ഞലി ദേവി അറിയിച്ചു. പെണ്‍കുട്ടിയുടെ മര്‍ദ്ദിച്ച മറ്റു നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

എംഎല്‍എ കുല്‍ദീപ് സിങും അനുയായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു വര്‍ഷത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എംഎല്‍എയും അനുയായികളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറയുന്നു. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എംഎല്‍എയുടെ സഹോദരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഒരാഴ്ച മുമ്പ് മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. 

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുടുംബസമേതമെത്തി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു സമീപം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഉടന്‍ പോലീസ് ഇടപ്പെട്ട് തടയുകയായും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ പെണ്‍കുട്ടിയും ബന്ധുക്കളും കളിക്കുന്ന നാടകമാണിതെന്ന് കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപി സിങ് സെന്‍ഗാര്‍ പ്രതികരിച്ചു. 

എന്നാല്‍ പെണ്‍കുട്ടി പറയുന്ന കഥ മറ്റൊന്നാണ്. ജോലി വാഗ്ദാനം ചെയ്ത് ഒരു അയല്‍വാസിയാണ് തന്നെ 2017 ജൂണ്‍ നാലിനു എംഎല്‍എയുടെ വീട്ടിലെത്തിച്ചത്. ആദ്യം സൗഹാര്‍ദപരമായി പെരുമാറിയ എംഎല്‍എ ജോലി തരാമെന്നും പറഞ്ഞിരുന്നു. പിന്നീട് വീട്ടുതടങ്കലിലാക്കുകയും നവാബ്ഗഞ്ച്, ഫറുഖാബാദ് എന്നിവിടങ്ങളിലേക്കു കൊണ്ടു പോയി എംഎല്‍എയും അദ്ദേഹത്തിന്റെ അനുയായികളും ബലാല്‍സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് ജുണ്‍ 13-ന് ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. 2017 ഓഗസ്റ്റ് 17-ന് പരാതിയുമായി മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടു. നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും പോലീസ് ഒന്നു ചെയ്തില്ല. 

ഇതിനിടെ അനുരജ്ഞന ശ്രമവുമായി എംഎല്‍എയും സംഘവും തന്നേയും കുടുംബത്തേയും സമ്മര്‍ദ്ദത്തിലാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. അനുരജ്ഞനത്തിന് വഴങ്ങില്ലെന്നു പറഞ്ഞതോടെ അച്ഛനേയും അമ്മാവനേയും വ്യാജ കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമവും ഇപ്പോള്‍ അച്ഛന്റെ കസ്റ്റഡി മരണവും സംഭവിച്ചത്. 

Latest News