Sorry, you need to enable JavaScript to visit this website.

ഖാദി സർവേക്ക് കണ്ണൂരിൽ തുടക്കമായി

ഖാദി ബോർഡ് സർവേ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ- കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിലുള്ള ഖാദി സർവേക്ക് തുടക്കമായി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിൽനിന്ന് വിവരം ശേഖരിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ സർവേ ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരും നഴ്‌സുമാരും ഖാദി കോട്ട് ധരിക്കണമെന്ന ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തി സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. നിർദേശം നടപ്പായാൽ വലിയ വിപണിയാണ് കേരളത്തിൽ ഖാദിക്ക് ലഭിക്കുക.
പരുക്കൻ തുണിയാണ് ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കുക, ഖാദി നവീകരിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക. നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമ്മിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായും പി. ജയരാജൻ അറിയിച്ചു.
കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ.കെ. ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്മനാഭൻ, ഖാദി ബോർഡ് ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസർ ഐ.കെ. അജിത്കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ.വി.ഫാറൂഖ് എന്നിവർ പങ്കെടുത്തു. 

Latest News