Sorry, you need to enable JavaScript to visit this website.

മോഡിയുടെ ചോയ്‌സ്, ആരാണ് ദ്രൗപദി മുര്‍മു?

ന്യൂദല്‍ഹി- അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ദ്രൗപദി മുര്‍മു, അഞ്ച് വര്‍ഷം മുമ്പ് ഇതേ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി കഴിഞ്ഞപ്പോഴായിരുന്നു അത്.  ഒഡീഷയിലെ ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന മുര്‍മു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരമോന്നത പദവിയിലേക്ക് കണ്ടുവെച്ചവരില്‍ പ്രധാനിയായിരുന്നു. പിന്നീടാണ് ശക്തനായ ആര്‍.എസ്.എസ് വക്താവ് രാം നാഥ് കോവിന്ദ് ചിത്രത്തിലേക്ക് വരുന്നത്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍നിന്നുള്ള മുര്‍മു സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. ഭുവനേശ്വറിലെ രമാദേവി കോളജില്‍നിന്ന് ബിരുദമെടുത്തു. മയൂര്‍ഭഞ്ചിലെ റായ്‌രംഗ്പൂരില്‍നിന്ന് (2000, 2009) ബി.ജെ.പി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എം.എല്‍.എയായിട്ടുണ്ട്. 2000 ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായി. 2009ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിയില്‍ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എം.എല്‍.എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം റായ്‌രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബി.ജെ.പിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി  സത്യപ്രതിജ്ഞ ചെയ്തു. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മു  വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ നേരിട്ടയാളാണ്. ഒരു മകള്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്.

പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ വിജയിക്കുന്നത് ബി.ജെ.പിയുടെ ഗോത്രവര്‍ഗ മുന്നേറ്റത്തിന് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ. പ്രബലമായ ബി.ജെ.ഡിക്കെതിരെ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകുകയും ചെയ്യും. ഗോത്രവര്‍ഗവിഭാഗത്തില്‍ പെട്ടയാള്‍, വനിത എന്നീ പരിഗണനകള്‍ ബി.ജെ.പിയുടെ സാമൂഹിക പ്രതിബദ്ധതക്കുള്ള തെളിവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാം.

 

Latest News