ന്യൂദൽഹി- ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. ബി.ജെ.പിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം, മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി.
അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് അംഗമാണ്. എൻസിപി നേതാവ് ശരദ് പവാർ പാർലമെന്റ് അനക്‌സിൽ വിളിച്ച് ചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി തീരുമാനിച്ചത്. തീരുമാനം കോൺഗ്രസ് വക്താവ് ജയറാം രമേശ് യോഗത്തിൽ വായിച്ചു.
പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സമവായത്തിലൂടെ ഒരു സ്ഥാനാർഥി കണ്ടെത്താൻ മോഡി സർക്കാർ തയാറായില്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
കഴിഞ്ഞ തവണ മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ എൻസിപി നേതാവ് ശരദ് പവാർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂക്ക് അബ്ദുള്ള എന്നിവരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി മുന്നോട്ടു വെച്ചെങ്കിലും ഇരവരും പിൻമാറി. പിന്നീട് ഗാന്ധിജിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് ഉയർന്നു വന്നു എങ്കിലും അദ്ദേഹവും പിൻമാറി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ജൂൺ 29നാണ്.