കാസര്‍കോട്- ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഓട്ടം നിലച്ചു. രാവിലെ ഒരു ബസും സര്‍വീസ് നടത്തിയില്ല. കാഞ്ഞങ്ങാട് ഡിപ്പോയില്‍ കഴിഞ്ഞ നാല് ദിവസമായി 4000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഡിപ്പോയില്‍ ലഭിച്ചത്. ഒരു ദിവസം തന്നെ 4000 ലിറ്റര്‍ ഡീസല്‍ ആവശ്യമുള്ളിടത്താണ് ഇത്രയും ഡീസല്‍ ലഭിച്ചത്. ഈ ദിവസങ്ങളില്‍ വര്‍ക്‌ഷോപ്പുകളില്‍ കയറ്റിവച്ച ബസുകളില്‍നിന്ന് ഡീസല്‍ ഊറ്റിയെടുത്താണ് ഓട്ടം ക്രമീകരിച്ചത്. സ്വകാര്യ പമ്പുകളില്‍നിന്നു ഡീസല്‍ നിറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍നിന്ന് രാവിലെ ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയില്ലെങ്കിലും പുറത്ത് ഡീസല്‍ അടിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് സര്‍വീസ് ആരംഭിച്ചത്.