തിരുവനന്തപുരം- ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. പാടത്ത് പണിയെടുത്ത് വരമ്പത്ത് കൂലി ചോദിക്കുന്ന സഖാക്കള്‍ കേരളം ഭരിക്കുമ്പോഴാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്ത ദുര്‍വിധി. സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
റ്റി.ഡി.എഫിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ നടത്തിവരുന്ന റിലെ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡിയേക്കാള്‍ തൊഴിലാളി ദ്രോഹിയാണ് പിണറായി വിജയന്‍. തൊഴിലാളി ദ്രോഹത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ തൂവല്‍ പക്ഷികളാണ്. ആന്റണി രാജു താല്ക്കാലിക ഗതാഗത മന്ത്രിയാണ്. അത്തരമൊരു മന്ത്രിയില്‍നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കറന്‍സി കടത്തിലെ ഗുരുതര ആരോപണങ്ങളില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി വാ തുറക്കുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.
റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ഈ മാസം 27ന് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാന്‍ കെ.എസ.്ആര്‍.ടി.സി തൊഴിലാളികള്‍ നിര്‍ബന്ധിതരാകുമെന്ന് തമ്പാനൂര്‍ രവി മുന്നറിയിപ്പ് നല്‍കി. സി.പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ് എം.എല്‍.എ, കെ.എസ്. ഗോപകുമാര്‍, ആര്‍. ശശിധരന്‍, റ്റി. സോണി തുടങ്ങിയവര്‍ സംസാരിച്ചു.
റിലെ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തേക്ക് റ്റി.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.