മുംബൈ- മുതിര്‍ന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ശിവസേന പ്രതിനിധി സംഘം ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിര്‍ദേശപ്രകാരമാണ് അടുത്ത വിശ്വസ്ഥരായ മിലിന്ദ് നര്‍വേകര്‍, രവീന്ദ്ര പഥക് എന്നിവരുടെ ദൗത്യം.
മന്ത്രി ഷിന്‍ഡെ 11 എംഎല്‍എമാരുമായി ഒളിവില്‍ പോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കയാണ്. വിമത നീക്കത്തിന്റെ ഭാഗമായി ഇവര്‍ ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലാണെന്നാണ് വിവരം. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരുന്നതായും പറയുന്നു. ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഷിന്‍ഡെ അടക്കം 27 ശിവസേന എംഎല്‍എമാരാണ് ഗുജറാത്തിലെ ഹോട്ടലിലുള്ളതെന്ന് ബിജെപി അവകാശപ്പെട്ടു. അവരുടെ പേരുകളും ബിജെപി പുറത്തുവിട്ടു.
നിലവില്‍ എന്‍.സി.പി, കോണ്‍ഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേര്‍ത്താല്‍ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ളത്.
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിന്‍ഡെയും എംഎല്‍എമാരും അപ്രത്യക്ഷരായത്. .
നാലു സീറ്റുകളില്‍ വിജയിക്കാന്‍ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളില്‍ വിജയിച്ചു. ആറു സീറ്റുകളില്‍ വിജയിക്കാന്‍ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി ആറാമത്തെ സീറ്റില്‍ പരാജയപ്പെട്ടു. ഏതാനും ശിവസേന എം.എല്‍.എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പൊതുമരാമത്ത്, നഗരവികസന മന്ത്രിയായ ഷിന്‍ഡെ താനെയിലെ ശിവസേനയുടെ പ്രമുഖ നേതാവാണ്. ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള എംപിയാണ്.
2014 ല്‍ ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു.
പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെയ്ക്ക് പരാതിയുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12ന് അടിയന്തര യോഗം വിളിച്ചു. എന്‍സിപി നേതാവ് ശരദ് പവാറുമായും കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി വരികയാണ്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ശരദ് പവാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനായി ദല്‍ഹിയിലാണ്.
2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാഡിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.