Sorry, you need to enable JavaScript to visit this website.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.

 

Latest News