ന്യൂദല്‍ഹി- പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഗോപാലകൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥി ആക്കിയേക്കുമെന്നാണ് സൂചന. ഗോപാലകൃഷ്ണ ഗാന്ധിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ സംസാരിച്ചു.സമവായം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനോട് ശരദ് പവാര്‍ അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായി നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതിനിടെ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ബിജെപി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്നലെ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അശ്വനി വൈഷ്ണവ്, ജി. കിഷന്‍ റെഡ്ഡി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.