തിരുവനന്തപുരം -തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തില്‍ പ്രതി പിടിയില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇന്നു പുലര്‍ച്ചെയാണ് പേരൂര്‍ക്കടയില്‍ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കലക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തത്. കളക്ടേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഉത്തരവ് വൈകുന്നതില്‍ വിമര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പേരൂര്‍ക്കട പോലീസ് അന്വേഷണം ക്ലൈമാക്‌സിലേക്ക് എത്തിച്ചത്. ആര്‍ഡിഒ കോടതി ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസിനെ വ്യക്തമായിരുന്നു. പോലീസിന്റെ വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സീനിയര്‍ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചിട്ടില്ല. വിജിലന്‍സ് അന്വേഷണം വന്നാല്‍ സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയവര്‍ക്കെതിരെയും കേസെടുക്കാം.
തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയില്‍ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പോലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ സ്വര്‍ണം പണയം വച്ചെന്നും ചിലയിടത്ത് സ്വര്‍ണ്ണം നേരിട്ട് വിറ്റെന്നും പോലീസ് കണ്ടെത്തി.
പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ ശ്രീകണ്ഠന്‍ നായര്‍ പണയം വച്ച സ്വര്‍ണ്ണത്തില്‍ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തില്‍ വിറ്റു പോയെന്നാണ് സൂചന.