പട്‌ന- വിമാനത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ പട്‌നയില്‍ തിരിച്ചിറക്കി.
പട്‌നയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. 180ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചത് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിലാണ് പെട്ടത്. വിമാനത്തില്‍ പക്ഷി ഇടിച്ചെന്നും ഒരു എഞ്ചിന്‍ അടഞ്ഞുവെന്നും ഡി.ജി.സിഎ അറിയിച്ചു.
വിമാനത്തില്‍ തീപിടിത്തം കണ്ട നാട്ടുകാര്‍ ജില്ലാ, എയര്‍പോര്‍ട്ട് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു. 185 യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന്ും എഞ്ചിനീയറിംഗ് ടീം വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പറന്നുയര്‍ന്ന ശേഷം വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതായാണ് കോക്ക്പിറ്റ് ജീവനക്കാര്‍ സംശയിക്കുന്നതെന്ന് സ്‌പൈസ്‌ജെറ്റ് വക്താവ് പറഞ്ഞു. മുന്‍കരുതല്‍ നടപടിയായും ചട്ടങ്ങള്‍ അനുസരിച്ചും ക്യാപ്റ്റന്‍ തകരാറിലായ എഞ്ചിന്‍ നിര്‍ത്താനും പട്‌നയിലേക്ക് മടങ്ങാനും തീരുമാനിച്ചു വിമാനം പട്‌നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായും പത്രക്കുറിപ്പില്‍ പറഞ്ഞു.