ന്യൂദല്‍ഹി- അച്ഛന്റെ സുഹൃത്തിന്റെ മകന്‍ അബ്ബാസിനെ ഓര്‍മിച്ചുകൊണ്ട് തന്റെ ബാല്യകാലകഥ പ്രധാനമന്ത്രി മോഡി പങ്കുവെച്ചതിന് പിന്നാലെ ട്വിറ്ററില്‍ തമാശ നിറഞ്ഞ മീമുകളുടെ പ്രവാഹം തുടരുന്നു.
തന്റെ അമ്മ ഹീരാബെന്നിന് അബ്ബാസിനോട് വാത്സല്യവും കരുതലും ഉണ്ടായിരുന്നുവെന്നും എല്ലാ വര്‍ഷവും ഈദ് ദിനത്തില്‍ അബ്ബാസിന് പ്രിയപ്പെട്ട വിഭവങ്ങള്‍ തയ്യാറാക്കാറുണ്ടായിരുന്നുവെന്നും മോഡി ബ്ലോഗില്‍ കുറിച്ചിരുന്നു.
മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തും. ഞങ്ങളുടെ വീട് ചെറുതായിരിക്കാം, പക്ഷേ അമ്മ വളരെ വിശാലഹൃദയയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്ത് അടുത്ത ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക മരണശേഷമാണ് അച്ഛന്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകന്‍ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. അവന്‍ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂര്‍ത്തിയാക്കി- അമ്മയ്ക്ക് സമര്‍പ്പിച്ച ബ്ലോഗില്‍
മോഡി എഴുതി.
ബ്ലോഗ് ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം നെറ്റിസണ്‍സ് ട്വിറ്ററില്‍ മീമുകള്‍ പോസ്റ്റ് ചെയ്തു തുടങ്ങി. ഇത്രയും വര്‍ഷമായി ആരെങ്കിലും മോഡിയില്‍നിന്ന് ഏതെങ്കിലും അബ്ബാസിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നാണ് ഒരാളുടെ ചോദ്യം.
മറ്റൊരാള്‍ ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഒരു സ്റ്റില്‍ ഷെയര്‍ ചെയ്തു കൊണ്ട് കുറിച്ചു- 'സ്വാഗതം, മോട്ടിവേഷന്‍ ബിഹൈന്‍ഡ് അബ്ബാസ് സ്‌റ്റോറി.
കര്‍ഷകസമരം ഇപ്പോഴുമുണ്ടെങ്കില്‍ അബ്ബാസ് പര്‍മീന്ദര്‍ ആകുമെന്നാണ് വേറൊരാളുടെ കണ്ടെത്തല്‍. ഇപ്പോള്‍ അബ്ബാസ് എവിടെയാണെന്ന് ധാരാളം ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദിച്ചു. അന്ധരായ മോഡി ഭക്തര്‍ എല്ലാ അബ്ബാസുമാരേയും ഫോളോചെയ്തു തുടങ്ങിയെന്നാണ് ഒരാളുടെ നിഗമനം.