കോഴിക്കോട്- നടനും നിര്‍മാതാവുമായ വിജയ് ബാബു ബലാത്സംഗ കേസ് ഒഴിവാക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസ് ഒതുക്കി തീര്‍ക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നല്‍കുന്നത്. തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഏത് പെണ്ണിനാണ് കണ്ടുനില്‍ക്കാനാകുക. പരാതി നല്‍കണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അയാളില്‍നിന്ന് അകലാന്‍ ശ്രമിച്ചപ്പോള്‍ നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് താരം പറയുന്നു.
പണവും സ്വാധീനവുമുള്ളതിനാല്‍ എന്തും ചെയ്യാമെന്നുള്ള അയാളുടെ അഹങ്കാരം മാറ്റണമെന്ന് ഉണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി. പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നു പറഞ്ഞ് അയാള്‍ കെഞ്ചിയിട്ടുണ്ട്. തന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്ന് നടി ചോദിക്കുന്നു. വിജയ് ബാബുവില്‍ നിന്ന് കാശ് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഇതിന്റ സ്‌ക്രീന്‍ഷോട്ടോ മറ്റോ ഉണ്ടെങ്കില്‍ കാണിക്കട്ടേയെന്നും അവര്‍ പറഞ്ഞു.