മുംബൈ- സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തി. ഈ പദ്ധതിക്ക് തൊഴിലില്ലായ്മ പരിഹരിക്കുക, പണമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളേക്കാള്‍ ആഴത്തിലുള്ള അര്‍ഥമുണ്ടെന്ന് മോഡി സര്‍ക്കാരിന്റെ ശക്തയായ വക്താവായ കങ്കണ പറഞ്ഞു.
'ഇസ്രായേല്‍ പോലെയുള്ള പല രാജ്യങ്ങളും തങ്ങളുടെ എല്ലാ യുവജനങ്ങള്‍ക്കും സൈനിക പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അച്ചടക്കം, ദേശീയത, നിങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന്റെ അര്‍ത്ഥം തുടങ്ങിയ ജീവിത മൂല്യങ്ങള്‍ പഠിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എല്ലാവരും സൈന്യത്തിന് നല്‍കുന്നു. കരിയര്‍ കെട്ടിപ്പടുക്കുക എന്നതിനേക്കാള്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട് അഗ്‌നിപഥ് പദ്ധതിക്ക്- അവര്‍ പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിയെ പുരാതന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവുമായി താരതമ്യപ്പെടുത്തിയ കങ്കണ മയക്കുമരുന്നിലും ഗെയിമുകളിലും നശിച്ചുകൊണ്ടിരിക്കുന്ന യുവാക്കളില്‍ മാറ്റം വരുത്താന്‍ ഈ സംരംഭം ആവശ്യമാണെന്നും അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു.