ന്യൂയോര്‍ക്ക്- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മന്‍ഹട്ടനിലെ ട്രംപ് ടവറിന്റെ 50-ാം നിലയില്‍ അഗ്നിബാധയുണ്ടായി. അപകടത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താമസക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേന തീ അണച്ചു. തീപ്പിടത്തത്തിന്റെ കാരണം വ്യക്തമല്ല. 33 അഗ്നിശമന യൂണിറ്റുകളും 138 അഗ്നിശമന സേനാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.